മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ഭാരത രത്ന പുരസ്കാരം

Jaihind Webdesk
Friday, January 25, 2019

റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന പ്രഖ്യാപിച്ചു. മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ഭാരത രത്ന പുരസ്കാരം.

സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരികയ്ക്കും സാമൂഹ്യപരിഷ്കര്‍ത്താവ് നാനാജി ദേശ്മുഖിനും ഭാരത രത്ന. ഇരുവര്‍ക്കും മരണാനന്തര ബഹുമതിയായാണ് പുരസ്കാരം.

ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്നു ബംഗാൾ സ്വദേശിയായ പ്രണബ് കുമാർ മുഖർജി. 1935 ഡിസംബർ 11ന് പശ്ചിമബംഗാളിലെ ബീർഭുമിലാണ് ജനനം. 2008ൽ പത്മവിഭൂഷൺ ബഹുമതി ലഭിച്ചിട്ടുണ്ട്.

നിരവധി പുസ്തകങ്ങളും പ്രണബ് മുഖര്‍ജി രചിച്ചിട്ടുണ്ട്. ദ ടര്‍ബുലന്‍റ് ഇയേഴ്സ്, ബിയോണ്ട് സർവൈവൽ, എമർജിംഗ് ഡൈമെൻഷൻസ് ഓഫ് ഇന്ത്യൻ ഇക്കണോമി, തോട്ട്സ് ആന്‍റ് റിഫ്ലക്ഷന്‍സ് തുടങ്ങിയവ പ്രധാന പുസ്തകങ്ങളാണ്.

പുരസ്കാരം സന്തോഷം നല്‍കുന്നതാണെന്നും രാജ്യത്തെ ജനങ്ങളോട് കടപ്പെട്ടിരിക്കുന്നുവെന്നും പ്രണബ് മുഖര്‍ജി പ്രതികരിച്ചു.

ഭാരതരത്ന നേടിയതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രണബ് മുഖര്‍ജിയെ അഭിനന്ദിച്ചു. നേട്ടത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അഭിമാനം കൊള്ളുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പുരസ്കാര നേട്ടത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. നമ്മുടെ കാലഘട്ടത്തിലെ അസാമാന്യനായ രാഷ്ട്രതന്ത്രജ്ഞനാണ് പ്രണബ് മുഖര്‍ജിയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.