രണ്ടാം ദിനവും എറണാകുളം ജനസാഗരം; ഐക്യസന്ദേശവുമായി ഭാരത് ജോഡോ യാത്ര

ആലുവ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് രണ്ടാം ദിനവും എറണാകുളം ജില്ലയില്‍ ആവേശോജ്വല സ്വീകരണം. കടന്നുപോകുന്ന വഴികളിലെല്ലാം യാത്രയെ സ്വീകരിക്കാനും അണിചേരാനുമായി ആയിരങ്ങളാണ് എത്തിച്ചേരുന്നത്.

ഭാരത് ജോഡോ യാത്രയുടെ പതിനഞ്ചാം ദിനമായ ഇന്ന് പുലർച്ചെ ആലുവ മണപ്പുറത്തുനിന്നാണ് യാത്ര തുടങ്ങിയത്. ഇതിന് മുമ്പ് രാഹുൽ ​ഗാന്ധി യുസി കോളേജിലെത്തി നൂറു വർഷം മുൻപ് ​ഗാന്ധിജി നട്ട മാവിൻ ചുവട്ടിൽ പ്രാർത്ഥനാനിരതനായി. ഗാന്ധിജി ഛായാചിത്രത്തിൽ പുഷ്പഹാരവുമണിയിച്ച ശേഷമാണ് രാഹുൽ ​ഗാന്ധി യാത്ര തുടങ്ങിയത്.

ആയിരങ്ങളാണ് വഴിനീളെ രാഹുല്‍ ഗാന്ധിയെകാത്തു നില്‍ക്കുന്നത്. കുശലം പറഞ്ഞും ചേർത്തുപിടിച്ചും അഭിവാദ്യങ്ങള്‍ സ്വീകരിച്ചും ആലുവയില്‍ നിന്ന് ആരംഭിച്ച യാത്ര അങ്കമാലി അഡ്‌ലക്‌സ്‌ കൺവെൻഷൻ സെന്‍ററിൽ എത്തിച്ചേർന്നതോടെ ആദ്യ പാദത്തിന് സമാപനമായി. വൈകുന്നേരം ചിറയം ബസ് സ്റ്റാൻഡിൽ നിന്ന് തുടങ്ങുന്ന യാത്ര തുടർന്ന് തൃശൂർ ജില്ലയിലേക്ക് കടക്കും.  രാത്രി ചാലക്കുടി ക്രസന്‍റ് കൺവെൻഷൻ സെന്‍ററിൽ എത്തിച്ചേരുന്നതോടെ ഇന്നത്തെ യാത്രയ്ക്ക് സമാപനമാകും. ഇവിടെയാണ് രാത്രി ഭക്ഷണവും വിശ്രമവും.

കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹന്നാൻ എംപി, കെ മുരളീധരന്‍, എംഎല്‍എമാരായ റോജി എം ജോൺ, അൻവർ സാദത്ത്, മാത്യു കുഴൽനാടൻ, ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, കെ ബാബു, ഡൊമിനിക് പ്രസന്‍റേഷൻ, കെ.പി ധനപാലൻ തുടങ്ങിയവർ യാത്രയെ വരവേറ്റു.

Comments (0)
Add Comment