ആവേശമായി ഭാരത് ജോഡോ യാത്ര തെലങ്കാനയില്‍; ദീപാവലി പ്രമാണിച്ച് പദയാത്രയ്ക്ക് ഇനി മൂന്ന് ദിവസത്തെ ഇടവേള

മെഹബൂബ്നഗർ/തെലങ്കാന: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര തെലങ്കാനയിൽ പ്രവേശിച്ചു. കർണാടകയിലെ റായിച്ചുർ ജില്ലാ അതിർത്തിയിൽ നിന്ന് തെലങ്കാനയിലെ മെഹബൂബ്നഗർ ജില്ലയിലാണ് പദയാത്ര പ്രവേശിച്ചത്. ഗുഡെ ബെല്ലൂരിൽ ഇന്നത്തെ പര്യടനം സമാപിച്ചു. ദീപാവലിയോടനുബന്ധിച്ച് നാളെ മുതൽ 3 ദിവസം പദയാത്രയ്ക്ക് ഇടവേളയാണ്.

കർണാടകയിലെ 21 ദിവസത്തെ പര്യടനത്തിനും ആന്ധ്രയിലെ പര്യടനത്തിനും ശേഷമാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര തെലങ്കാനയിൽ പ്രവേശിച്ചത്.  മെഹബൂബ്നഗർ ജില്ലയിലാണ് പദയാത്ര പ്രവേശിച്ചത്. തെലങ്കാന പിസിസി പ്രസിഡന്‍റ് രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പ്രവർത്തകർ രാഹുൽ ഗാന്ധിയെ തെലങ്കാനയിലേക്ക് വരവേറ്റു. രണ്ട് സംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന കൃഷ്ണാ നദിക്ക് കുറുകെയുള്ള പാലവും കടന്ന് രാഹുൽ ഗാന്ധിയും പദയാത്രികരും പ്രവേശിച്ചപ്പോൾ ആയിരക്കണക്കിന് പ്രവർത്തകരാണ് വരവേൽക്കാനായി എത്തിയത്. നാടൻ കലാരൂപങ്ങളും വാദ്യഘോഷങ്ങളും ഒരുക്കി തെലങ്കാനയിലെ ജനങ്ങൾ രാഹുൽ ഗാന്ധിയെ വരവേറ്റു.

കർണാടക പിസിസി പ്രസിഡന്‍റ് ഡി.കെ ശിവകുമാറിന്‍റെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്കും ഭാരത പദയാത്രികർക്കും പ്രത്യേക യാത്രയയപ്പ് നൽകി. തെലങ്കാനയിൽ പ്രവേശിച്ച പദയാത്രയുടെ ഇന്നത്തെ പ്രയാണം ഗുഡെ ബെല്ലൂരിൽ സമാപിച്ചു. ദീപാവലി ആഘോഷത്തിന്‍റെ ഭാഗമായി പദയാത്രയ്ക്ക് നാളെ മുതൽ 3 ദിവസം ഇടവേളയാണ്. രാഹുൽ ഗാന്ധി എംപി പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് പോയി.

Comments (0)
Add Comment