രാഹുലിനൊപ്പം അണിചേർന്ന് ആയിരങ്ങള്‍; ഭാരത് ജോഡോ പദയാത്ര നാലാം ദിനം തമിഴ്നാട്ടില്‍ പര്യടനം തുടരുന്നു

Jaihind Webdesk
Saturday, September 10, 2022

 

മോദി സർക്കാരിന്‍റെ ജനവിരുദ്ധ നയങ്ങൾക്കും ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾക്കുമെതിരെ രാജ്യത്ത് ഐക്യം ഊട്ടിയുറപ്പിക്കുന്നതിനായി രാഹുൽ ഗാന്ധി നയിക്കുന്ന പദയാത്ര തമിഴ്‌നാട്ടിൽ പര്യടനം തുടരുന്നു. ആയിരങ്ങളാണ് രാഹുലിനൊപ്പം യാത്രയില്‍ അണിചേരുന്നത്.

രാവിലെ 7 മണിക്ക് മുളകുമൂട്ടിൽ നിന്ന് നാലാം ദിവസത്തെ യാത്രയ്ക്ക് തുടക്കമായി. 10 മണിയോടെ മാർത്താണ്ഡത്തെ നേശമണി മെമ്മോറിയൽ ക്രിസ്റ്റ്യൻ കോളേജിലെത്തുന്നതോടെ ഇന്നത്തെ യാത്രയുടെ ഒന്നാം ഘട്ടം സമാപിക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതൽ തൊഴിലുറപ്പ് തൊഴിലാളികളുമായും മത്സ്യത്തൊഴിലാളികളുമായും മനുഷ്യാവകാശ പ്രവർത്തകരുമായും രാഹുൽ ഗാന്ധി സംവദിക്കും. 4 മണിയോടെ യാത്രയുടെ രണ്ടാം ഘട്ടത്തിന് തുടക്കമാകും.

ഇന്ന് തമിഴ്നാട്ടിലെ പര്യടനം പൂർത്തിയാക്കി വൈകിട്ടോടെ യാത്ര കേരളത്തിൽ പ്രവേശിക്കും. പാറശാലയിലെ സാമുവൽ എൽഎംഎസ് ഹയർസെക്കൻഡറി സ്‌കൂളിലാണ് ഇന്ന് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പദയാത്രികരുടെ സംഘം തങ്ങുന്നത്. നാളെ മുതൽ കേളത്തില്‍ യാത്രയുടെ പര്യടനം ആരംഭിക്കും. സെപ്റ്റംബർ 29 വരെ യാത്ര കേരളത്തിലെ വിവിധ ജില്ലകളിലൂടെ കടന്നുപോകും.