ഭാരത് ജോഡോ യാത്ര; കേരളത്തിലെ ജില്ലാ കോര്‍ഡിനേറ്റർമാരെ നിയമിച്ചു

Jaihind Webdesk
Saturday, August 13, 2022

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ ജില്ലാ കോഡിനേറ്റർമാരെ നിയമിച്ചു. അടുത്ത മാസം 7 നാണ് ഭാരത് ജോഡോ പദയാത്രയ്ക്ക് തുടക്കമാകുന്നത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 150 ദിവസമാണ് പദയാത്ര.  പാറശാല മുതൽ നിലമ്പൂർ വരെ 19 ദിവസമായി 453 കിലോ മീറ്ററാണു കേരളത്തിലെ പര്യടനം. 12 സംസ്ഥാനങ്ങളിലൂടെയും, രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും പദയാത്ര കടന്നു പോകും.

ഭാരത് ജോഡോ യാത്രയുടെ ജില്ലാ കോർഡിനേറ്റര്‍മാർ:

കാസർഗോഡ് – വിനോദ് കുമാർ (ഡിസിസി ജനറൽ സെക്രട്ടറി)
കണ്ണൂർ – സതീശൻ പാച്ചേനി (മുൻ ഡിസിസി പ്രസിഡന്‍റ്)
വയനാട് – ഗോകുൽദാസ് കൊറ്റായിൽ
കോഴിക്കോട് – കെ.സി അബു (മുൻ ഡിസിസി പ്രസിഡന്‍റ്)
മലപ്പുറം – മുഹമ്മദ് കുഞ്ഞി (മുൻ ഡിസിസി പ്രസിഡന്‍റ്)
പാലക്കാട് – സി.വി ബാലചന്ദ്രൻ (മുൻ ഡിസിസി പ്രസിഡന്‍റ്)
തൃശൂർ – ടി.എൻ പ്രതാപൻ എംപി
എറണാകുളം – കെ.പി ധനപാലൻ (മുൻ എംപി)
ഇടുക്കി – റോയ് കെ പൗലോസ് (മുൻ ഡിസിസി പ്രസിഡന്‍റ്)
കോട്ടയം – ജോഷി ഫിലിപ്പ് (മുൻ ഡിസിസി പ്രസിഡന്‍റ്)
പത്തനംതിട്ട – ബാബു ജോർജ് (മുൻ ഡിസിസി പ്രസിഡന്‍റ്)
ആലപ്പുഴ – കോശി എം കോശി
കൊല്ലം – കെ.സി രാജൻ (മുൻ ഡിസിസി പ്രസിഡന്‍റ്)
തിരുവനന്തപുരം – എം.എ വാഹിദ് (മുൻ എംഎൽഎ)

തിരുവനന്തപുരം ജില്ലയിൽ 11, 12, 13, 14 തീയതികളിൽ പര്യടനം നടത്തി 14 ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയിൽ പ്രവേശിക്കും. 15, 16 തീയതികളിൽ കൊല്ലം, 17,18,19,20 തീയതികളിൽ ആലപ്പുഴ, 21, 22 തീയതികളിൽ എറണാകുളം, 23,24,25 തീയതികളിൽ തൃശൂർ ജില്ലകളിലാണു പര്യടനം. 26 നും 27 ന് ഉച്ചവരെയും പാലക്കാടു ജില്ലയിലാണു യാത്ര. 27 ന് ഉച്ചയ്ക്ക് ശേഷം മലപ്പുറം ജില്ലയിൽ പ്രവേശിക്കും. 28 നും 29നും മലപ്പുറം ജില്ലയിൽ പര്യടനം പൂർത്തിയാക്കി കർണ്ണാടകത്തിൽ പ്രവേശിക്കും.

രാഹുൽഗാന്ധി നേതൃത്വം നൽകുന്ന യാത്രയിൽ എഐസിസി ജനറൽ സെക്രട്ടറിമാർ, പ്രദേശ് കോൺ​ഗ്രസ് കമ്മിറ്റി അധ്യക്ഷന്മാർ, ഭാരവാഹികൾ, എംപിമാർ, എംഎൽഎമാർ, പാർട്ടിയിലെ പ്രധാന നേതാക്കൾ തുടങ്ങിയവർ അണിനിരക്കും. രാജസ്ഥാനിലെ ഉദയ് പൂരിൽ നടന്ന ചിന്തൻ ശിബിരത്തിലാണ് പദയാത്രയ്ക്ക് തീരുമാനമായത്. പദയാത്രയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസംഎഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപിയുടെ നേതൃത്വത്തിൽ നാഗർകോവിലില്‍ യോഗം ചേർന്നിരുന്നു.