രാഹുല്‍ ഗാന്ധിക്ക് കൊല്ലം ജില്ലയില്‍ ആവേശോജ്വല സ്വീകരണം; ഐക്യസന്ദേശവുമായി ഭാരത് ജോഡോ യാത്ര എട്ടാം ദിനം

കൊല്ലം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കൊല്ലം ജില്ലയിൽ പ്രയാണമാരംഭിച്ചു. ജില്ലാ അതിർത്തിയായ പാരിപ്പള്ളി കടമ്പാട്ടുകോണം മുക്കട ജംഗ്ഷനിൽ ജില്ലാ കോൺഗ്രസ് കമ്മറ്റിയുടെ ആവേശകരമായ വരവേൽപ്പോടെയാണ് യാത്ര കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചത്. യാത്രയുടെ ഇന്നത്തെ പര്യടനത്തിന്‍റെ ആദ്യപാദം ചാത്തന്നൂരിൽ സമാപിക്കും.

രാവിലെ ഏഴിന് തിരുവനന്തപുരം ജില്ലയിൽ നാവായിക്കുളത്തുനിന്ന് തുടങ്ങിയ യാത്ര കല്ലമ്പലം കടന്ന് കടമ്പാട്ടുകോണത്ത് വെച്ചാണ് കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചത്. വാദ്യമേളങ്ങളും പുഷ്പഹാരങ്ങളുമായി നൂറുകണക്കിന് പ്രവർത്തകരാണ് ജാഥയെ വരവേൽക്കാൻ എത്തിയത്. കൊല്ലം ഡിസിസി യുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകരും നേതാക്കളും ചേർന്ന് ജാഥയെ വരവേറ്റ് ചാത്തന്നൂരിലേക്ക് ആനയിച്ചു.

രാവിലെ ആറിന് വർക്കല ശിവഗിരി മഠത്തിലെത്തിയ രാഹുൽ ഗാന്ധി സ്വാമിമാരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ശിവഗിരി മഹാസമാധിയിലെത്തി പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി.  ഡിസിസി പ്രസിഡന്‍റ് രാജേന്ദ്രപ്രസാദ് കൊടിക്കുന്നിൽ സുരേഷ് എം.പി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, എംഎല്‍എമാരായ ടി സിദ്ദിഖ്, പിസി വിഷ്ണുനാഥ്, സി.ആർ മഹേഷ്‌ , നേതാക്കളായ ഡോ.ശൂരനാട് രാജശേഖരൻ, സി രാജൻ, ആർ ചന്ദ്രശേഖരൻ, വി പ്രതാപചന്ദ്രൻ, ബിന്ദു കൃഷ്ണ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

തുടർന്ന് ചാത്തന്നൂർ എംപയർ കൺവെൻഷൻ സെന്‍ററിൽ എത്തിച്ചേർന്നതോടെ പദയാത്രയുടെ ആദ്യഘട്ടത്തിന് സമാപനമായി. ഉച്ചതിരിഞ്ഞ് 2 ജില്ലയിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഹൈസ്കൂൾ-ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുമായി രാഹുൽ ഗാന്ധി സംവദിക്കും. വൈകുന്നേരം 4 മണിക്ക് ചാത്തന്നൂരിൽ നിന്ന് പദയാത്രയുടെ രണ്ടാം ഘട്ടം പുനരാരംഭിക്കും. പള്ളിമുക്കിൽ രാത്രി ഏഴിനാണ് യാത്രയുടെ ഇന്നത്തെ സമാപനം.

Comments (0)
Add Comment