‘നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് എന്നെ കരുത്തോടെ മുന്നോട്ട് നയിക്കുന്നത്’; ആലപ്പുഴയിലെ രണ്ടാം ദിന യാത്രയ്ക്ക് ആവേശോജ്വല സമാപനം

ആലപ്പുഴ/വണ്ടാനം: ആവേശത്തിരയിളക്കി ഐക്യ സന്ദേശവുമായി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ 11-ാം ദിനത്തിലെ പ്രയാണം അവസാനിച്ചു. ഹരിപ്പാട് ഗാന്ധി പാർക്കിൽ നിന്നും ആരംഭിച്ച യാത്രയുടെ ഒന്നാം ഘട്ടം ഒറ്റപ്പനയിലും രണ്ടാം ഘട്ട പ്രയാണം വണ്ടാനത്തുമാണ് സമാപിച്ചത്. സമാപന സമ്മേളനത്തില്‍ കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്കെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമർശനമുന്നയിച്ചു. ബിജെപിയുടെ വിഭജനരാഷ്ട്രീയത്തിനും ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരായ ഐക്യമുന്നേറ്റ യാത്രയാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ രാഹുല്‍ ഗാന്ധി വീണ്ടും ഉയർത്തിക്കാട്ടി. വിലക്കയറ്റത്തിലും തൊഴിലില്ലായ്മയിലും പൊറുതിമുട്ടുന്ന ജനങ്ങള്‍ മോശം റോഡുകള്‍ കാരണം ആശുപത്രികളെ അഭയം പ്രാപിക്കേണ്ടിവരുന്നതായി രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.

“സാധാരണ നിലയില്‍ ഒരു യാത്രയുടെ ആദ്യത്തെ ചുവടുവെപ്പ് അനായാസവും യാത്രയുടെ അവസാനത്തെ ചുവടുവെപ്പ് പ്രയാസമേറിയതും ആയിരിക്കും. എന്നാല്‍ കേരളത്തിലെ വീഥികളിലൂടെ യാത്ര ചെയ്യുമ്പോള്‍ എനിക്ക് അങ്ങനെ അനുഭവപ്പെടുന്നതേയില്ല. എന്നെ സംബന്ധിച്ചിടത്തോളം യാത്രയുടെ അവസാനത്തെ ചുവടുവെപ്പുകള്‍ കൂടുതല്‍  അനായാസമായാണ് അനുഭവപ്പെടുന്നത്. ഇതിന് കാരണം നിങ്ങള്‍ എനിക്ക് നല്‍കുന്ന അതിരറ്റ സ്നേഹവും പിന്തുണയുമാണ്. ഇതാണ് എന്നെ കരുത്തോടെ മുന്നോട്ടുനയിക്കുന്നത്” – രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതു ചരിത്രമെഴുതി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് രണ്ടാം ദിനവും ആലപ്പുഴ ജില്ലയിൽ ആവേശോജ്വല വരവേൽപ്പാണ് ലഭിച്ചത്. രാവിലെ ഹരിപ്പാട് ഗാന്ധി പാർക്കിൽ നിന്നുമാരംഭിച്ച പദയാത്രയുടെ ഒന്നാംഘട്ടം പുറക്കാട് ഒറ്റപ്പന ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് കാർഷിക മേഖലയിലെ വിവിധ പ്രശ്നങ്ങളെ കുറിച്ച് കർഷകരും കർഷക പ്രതിനിധികളുമായി രാഹുൽ ഗാന്ധി ചർച്ച നടത്തി. തോട്ടപ്പള്ളിയിലെ കരിമണൽ ഖനന വിരുദ്ധ സമര സമിതിയുമായി രാഹുൽ കൂടിക്കാഴ്ചനടത്തി. 466 ദിവസമായി ഇവർ സമരത്തിലാണ്. വൈകുന്നേരം 5 മണിയോടെ പുറക്കാട് ജംഗ്ഷനിൽ നിന്നാണ് യാത്രയുടെ രണ്ടാംഘട്ടം ആരംഭിച്ചത്.

അക്ഷരാർത്ഥത്തിൽ ആലപ്പുഴയെ ആവേശത്തിരയിലാഴ്ത്തിയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മുന്നേറുന്നത്. പുതുക്കാട് നിന്നും ആരംഭിച്ച യാത്ര വണ്ടാനം മെഡിക്കൽ കോളേജിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന സമാപന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്തു. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എംഎല്‍എ, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരൻ, കൊടികുന്നിൽ സുരേഷ്, പി.സി വിഷ്ണുനാഥ് എംഎല്‍എ, രാഷ്ട്രീയകാര്യസമിതിയംഗം എം ലിജു തുടങ്ങിയവർ രാഹുൽ ഗാന്ധിക്കൊപ്പം യാത്രയെ അനുഗമിച്ചു.

Comments (0)
Add Comment