‘ഇത് വിഭജന രാഷ്ട്രീയത്തിനും വെറുപ്പിനുമെതിരായ മഹാ നദീപ്രവാഹം’; പാലക്കാട് പര്യടനം പൂർത്തിയാക്കി ഭാരത് ജോഡോ യാത്ര നാളെ മലപ്പുറം ജില്ലയില്‍

 

പാലക്കാട്/പട്ടാമ്പി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര പാലക്കാട് ജില്ലയിലെ പര്യടനം പൂർത്തിയാക്കി. കേന്ദ്ര സർക്കാരിന്‍റെ വിഭജന രാഷ്ട്രീയത്തിനെതിരെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ചേർന്നൊഴുകുന്ന ഒരു  നദീപ്രവാഹമാണ് ഈ യാത്രയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അക്രമത്തിനും വെറുപ്പിനും വിദ്വേഷത്തിനും സ്ഥാനമില്ലാത്ത ഈ മഹാനദീപ്രവാഹം അതിന്‍റെ ലക്ഷ്യത്തിലേക്ക് ശക്തിയായി ഒഴുകിയെത്തുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് ജില്ലയിലെ കൊപ്പത്ത് നടന്ന സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ആളുകളെ കൊല്ലാനോ വെറുക്കാനോ രാജ്യത്തെ വിഭജിക്കാനോ നമ്മുടെ മഹാത്മാക്കള്‍ നമ്മെ പഠിപ്പിച്ചിട്ടില്ല. രാജ്യത്ത് വെറുപ്പ് പടർത്തുന്നവര്‍ ഇന്ത്യ എന്ന ആശയത്തിനും രാജ്യത്തിനും എതിരാണ്. ചെറുപ്പക്കാരുടെ സ്വപ്നത്തെ സാക്ഷാത്ക്കരിക്കാത്തവര്‍ക്ക് ഇന്ത്യയെന്ന ആശയത്തെ അംഗീകരിക്കാനാവില്ല. കേരളം മുന്നോട്ടുവെക്കുന്നത് സ്നേഹത്തിന്‍റെ സന്ദേശം. ഭാരത് ജോഡോ യാത്രയുമായി കടന്നു വന്നപ്പോൾ ഇക്കാര്യം വ്യക്തമായി. രാജ്യം വെറുപ്പിലും വിദ്വേഷത്തിലും വിശ്വസിക്കുന്നില്ല. കേന്ദ്ര സർക്കാരിന്‍റേത് വിഭജന രാഷ്ട്രീയമാണ്. രാജ്യം ചരിത്രത്തിലെ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്ക് അനുഭവിക്കുന്നു. വിലക്കയറ്റം ഇതുവരെ കണ്ടിട്ടില്ലാത്ത അത്ര ഉയരത്തിലാണ്. മോദി ഭരണം അഞ്ചോ ആറോ ശത കോടീശ്വരൻമാർക്ക് വേണ്ടി മാത്രമാണ്. മോദി ഭരണകൂടം ആഗ്രഹിക്കുന്നത് സമ്പന്നൻമാരുടെ മാത്രം രാജ്യമാണ്. യാത്രയാകുന്ന നദി ഇനി കേരളം പിന്നിട്ട് കർണാക, മഹാരാഷ്ട്ര എന്നിവിടങ്ങളിലൂടെ ഒഴുകാൻ പോകുന്നു. ഈ നദിക്ക് ജാതി മതം രാഷ്ട്രീയം ഇല്ല. ഇത് ഇന്ത്യൻ സംസ്കാരത്തിൻ്റെ നദിയാണ്. അക്രമത്തിനും വെറുപ്പിനും വിദ്വേഷത്തിനും സ്ഥാനമില്ലാത്ത ഈ മഹാനദീപ്രവാഹം അതിന്‍റെ ലക്ഷ്യത്തിലേക്ക് ഒഴുകിയെത്തും” – രാഹുല്‍ ഗാന്ധി പറഞ്ഞു.

കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കിയ യാത്ര ഇന്ന് രാവിലെയാണ് പാലക്കാട് ജില്ലയില്‍ പ്രവേശിച്ചത്. രാവിലെ ആറരയോടെ ഷൊർണൂർ എസ്എംപി ജംഗ്ഷനിൽ വെച്ച് ഡിസിസിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് പാലക്കാട് ജില്ലയിലേക്ക് ഗംഭീര സ്വീകരണം നൽകി. കുളപ്പുള്ളി, വാടാനാംകുറിശി, ഓങ്ങല്ലൂർ വഴി 10.30 ന് യാത്ര പട്ടാമ്പിയിൽ സമാപിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം അട്ടപ്പാടിയിലെ തെരഞ്ഞടുക്കപ്പെട്ട ആദിവാസി മൂപ്പൻമാർ, വിവിധമേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവർ, കലാകാരന്മാർ എന്നിവരുമായി രാഹുൽഗാന്ധിയും സംഘാംഗങ്ങളും ആശയവിനിമയം നടത്തി. വൈകിട്ട് നാലരയ്ക്ക് പട്ടാമ്പിയിൽ നിന്ന് പുനരാരംഭിച്ച യാത്ര കൊപ്പത്ത് സമാപിച്ചു. നാളെ യാത്ര മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കും.

പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യാത്രയുടെ സംസ്ഥാന കോർഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എംപി, യുഡിഎഫ് കൺവീനർ എം.എം ഹസൻ, എംപിമാരായ കെ മുരളീധരൻ, വി.കെ ശ്രീകണ്ഠ്ൻ, രമ്യ ഹരിദാസ്, ഷാഫി പറമ്പിൽ എംഎൽഎ, കെപിസിസി വൈസ്പ്രസിഡന്‍റ് വി.ടി ബൽറാം തുടങ്ങിയവര്‍ പങ്കെടുത്തു.

Comments (0)
Add Comment