ആലപ്പുഴ/അരൂര്‍: ആലപ്പുഴയുടെ മണ്ണിനെ മൂവർണ്ണക്കടലാക്കി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ പര്യടനത്തിന് അരൂരില്‍ സമാപനം. രാവിലെ ചേർത്തല എക്സറേ ജംഗ്ഷനിൽ നിന്നാരംഭിച്ച യാത്ര അരൂരില്‍ എത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ ജനസാഗരമായി. സമാപനസമ്മേളത്തില്‍ കേന്ദ്ര സർക്കാരിനെതിരെ രാഹുല്‍ ഗാന്ധി രൂക്ഷ വിമർശനമുയർത്തി. പദയാത്ര നാളെ എറണാകുളം ജില്ലയില്‍ പര്യടനം ആരംഭിക്കും.
ചരിത്രത്താളുകളിൽ നിരവധി പ്രക്ഷോഭങ്ങളും വിപ്ലവ പോരാട്ടങ്ങളും അടയാളപ്പെടുത്തിയ കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയേറിയ ജില്ലയായ ആലപ്പുഴയിൽ പുതിയ ചരിത്രം രചിച്ചാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പര്യടനം പൂര്‍ത്തിയാക്കിയത്. അറബിക്കടലിന് ഓരത്ത് മറ്റൊരു ത്രിവർണ്ണ സാഗരം തീർത്ത് ജനമനസില്‍ പ്രത്യാശയുടെയും പ്രതീക്ഷയുടെയും ആത്മവിശ്വാസം നിറച്ചാണ് ഭാരത് ജോഡോ യാത്രയുടെ ആലപ്പുഴ ജില്ലയിലെ പര്യടനത്തിന് സമാപനമായത്. നാളെ എറണാകുളം ജില്ലയിലേക്ക് യാത്ര പ്രവേശിക്കും. രാവിലെ കുമ്പളം ടോള്‍ പ്ലാസ ജംഗ്ഷനില്‍ നിന്ന് ആരംഭിക്കുന്ന യാത്ര രാത്രി 7 മണിയോടെ ആലുവ തോട്ടക്കാട്ടുകര ജംഗ്ഷനില്‍ സമാപിക്കും. ആലുവ മണപ്പുറത്താണ് രാത്രി വിശ്രമം. എറണാകുളത്തേക്ക് പ്രവേശിക്കുന്ന യാത്രയ്ക്ക് വന്‍ വരവേല്‍പ്പാണ് ഒരുക്കുന്നത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യാത്രയുടെ സംസ്ഥാന കോർഡിനേറ്റര്‍ കൊടിക്കുന്നില്‍ സുരേഷ് എംപി, എംപിമാരായ ഹൈബി ഈഡന്‍, ഡീന്‍ കുര്യാക്കോസ്, ആലപ്പുഴ ഡിസിസി പ്രസിഡന്‍റ് ബി ബാബുപ്രസാദ്, എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ്, ഇടുക്കി ഡിസിസി പ്രസിഡന്‍റ് സി.പി മാത്യു, കെപിസിസി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂർ തുടങ്ങിയവര്‍ പങ്കെടുത്തു.