ഐക്യത്തിന്‍റെ പ്രതീകമായി ‘ഭാരത് ജോഡോ സേതു’; രാജസ്ഥാനിലെ പുതിയ എലിവേറ്റഡ് റോഡ് ഉദ്ഘാടനം ചെയ്തു

 

ജയ്പുര്‍: രാജസ്ഥാനിലെ ജയ്പൂർ നഗരത്തില്‍ പുതുതായി പൂർത്തിയാക്കിയ റോഡ് ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. 2.8 കിലോമീറ്റര്‍ നീളമുള്ള എലിവേറ്റഡ് റോഡിന് ‘ഭാരത് ജോഡോ സേതു’ എന്ന് പേര് നല്‍കി.  250 കോടി ചെലവഴിച്ചാണ് എലിവേറ്റഡ് റോഡ് നിർമ്മിച്ചത്.

ഭാരത് ജോഡോ യാത്ര ഉയർത്തിപ്പിടിക്കുന്ന ഐക്യത്തിന്‍റെ സന്ദേശമാണ് റോഡിന് ഈ പേര് നല്‍കിയതിലൂടെ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് പറഞ്ഞു. പാതയുടെ ഇരുവശങ്ങളിലെയും വിളക്ക് തൂണുകള്‍ ത്രിവർണ്ണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്.

“സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും അഖണ്ഡതയുടെയും സന്ദേശവുമായി ത്രിവർണ പ്രകാശം ചൊരിയുന്ന ഈ പാത ഇന്ത്യയുടെ ഐക്യത്തിന്‍റെയും വികസനത്തിന്‍റെയും പ്രതീകമാണ്” – അശോക് ഗെഹ്‌ലോട്ട് ട്വീറ്റ് ചെയ്തു.

അംബേദ്ക്കര്‍ സര്‍ക്കിളിനും അജ്മീര്‍ റോഡിനും ഇടയിലുള്ള ഗതാഗതം പുതിയ എലിവേറ്റഡ് റോഡിന്‍റെ വരവോടെ കൂടുതല്‍ സുഗമമാകും. ഇതിനൊപ്പം ജയ്പൂരില്‍ പുതിയ ആറ് പദ്ധതികള്‍ക്ക് കൂടി മുഖ്യമന്ത്രി തറക്കല്ലിട്ടു.

 

 

Comments (0)
Add Comment