ആവേശമായി ഭാരത് ജോഡോ ന്യായ് യാത്ര; ബിഹാറില്‍ നിന്ന് വീണ്ടും പശ്ചിമ ബംഗാളിലേക്ക്

 

ന്യൂഡല്‍ഹി: ബിഹാറിലെ രണ്ട് ദിവസത്തെ പര്യടനത്തിന് ശേഷം രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് വീണ്ടും പശ്ചിമ ബംഗാളിൽ പ്രവേശിക്കും. ഇന്ത്യ മുന്നണി വിട്ടുപോയ നിതീഷ് കുമാറിനെതിരെ കടുത്ത വിമർശനമാണ് രാഹുൽ ഗാന്ധി ഇന്നലെ ഉയർത്തിയത്.

18 ദിവസങ്ങൾ കൊണ്ട് 6 സംസ്ഥാനങ്ങൾ പിന്നിട്ട ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് വലിയ പിന്തുണയാണ് ജനം നൽകുന്നത്. ബിജെപിയും സംഘപരിവാറിനും എതിരെ കൃത്യമായ രാഷ്ട്രീയം പറയുന്ന രാഹുൽ ഗാന്ധിയെ വലിയ ആരവത്തോടെയാണ് ജനക്കൂട്ടം സ്വീകരിക്കുന്നത്. ഇന്നലെ ബിഹാറിലെ പൂർണിയിൽ നടന്ന റാലിയിൽ ആർജെഡി, സിപിഎം, സിപിഐ തുടങ്ങിയ ഇന്ത്യ മുന്നണിയിലെ വിവിധ പാർട്ടി നേതാക്കന്മാർ പങ്കെടുത്തു.

അവസരവാദ രാഷ്ട്രീയമാണ് നിതീഷ് കുമാറിന്‍റേതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിമർശിച്ചു. സാമൂഹ്യനീതി ഉറപ്പാക്കാൻ നിതീഷ് കുമാറിന്‍റെ സാന്നിധ്യം ഇന്ത്യ മുന്നണിക്ക് ആവശ്യമില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ബിജെപി ഒരുക്കിയ വഴിയിലൂടെ നിതീഷ് കുമാർ നടന്നു നീങ്ങുകയായിരുന്നു എന്നും ഇന്ത്യ മുന്നണിയെ തകർക്കാം എന്ന് നിതീഷ് കരുതേണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ജാതി സെൻസസ് നടപ്പാക്കണം എന്ന് രാഹുൽ ഗാന്ധി ഇന്നലത്തെ പ്രസംഗങ്ങളിൽ എടുത്തു പറഞ്ഞിരുന്നു.
എല്ലാവർക്കും നീതി ലഭിക്കണമെങ്കിൽ കൃത്യമായ കണക്കുകൾ വേണം. ജാതി സെൻസസ് മാത്രമാണ് ഇതിന് പരിഹാരം എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ഒഡീഷയിൽ നിന്ന് ബംഗാളിലേക്ക് കടക്കുന്ന യാത്ര ഇനി മൂന്നു ദിവസം ബംഗാളിൽ തുടരും. മമതാ ബാനർജിയുമായി ചേർന്നുനിന്ന് ഇന്ത്യ മുന്നണിയെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടുപോവുകയാണ് കോൺഗ്രസിന്‍റെ ലക്ഷ്യം.

Comments (0)
Add Comment