രാഹുല്‍ മധ്യപ്രദേശില്‍; നീതിക്കായുള്ള ചുവടുവെപ്പ് 50-ാം ദിവസം

 

ഇന്‍ഡോര്‍: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിൽ പര്യടനം തുടരുന്നു. ഗ്വാളിയറിൽ നിന്ന് യാത്ര പുനഃരാരംഭിക്കും. യാത്രയിലുടനീളം രാഹുൽ ഗാന്ധി ഗോത്ര വിഭാഗക്കാരുമായി ആശയവിനിമയം നടത്തും. ശിവപുരി ജില്ലയിൽ രാഹുൽ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. മാർച്ച് ആറ് വരെയാണ് ഭാരത് ജോഡോ ന്യായ് യാത്ര മധ്യപ്രദേശിൽ പര്യടനം നടത്തുക.

അഞ്ച് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശനിയാഴ്ച രാജസ്ഥാനിലെ ധോൽപുർ ജില്ലയിൽ നിന്നാണ് യാത്ര പുനഃരാരംഭിച്ച് മധ്യപ്രദേശിലേക്ക് കടന്നത്. രാഹുൽ ഗാന്ധിക്കൊപ്പം മുതിർന്ന നേതാവ് കമൽനാഥും യാത്രയിൽ പങ്കുചേർന്നു. യാത്ര ആറാം തീയതി വരെ മധ്യപ്രദേശിൽ തുടരും. മാർച്ച് ആറുവരെ മൊറേന, ഗ്വാളിയർ, ഗുണ, രാജ്ഗഡ്, ഷാജാപുർ, ഉജ്ജയിൻ, ധാർ, രത്‌ലം ജില്ലകളിലൂടെ പര്യടനം നടത്തിയശേഷം യാത്ര വീണ്ടും രാജസ്ഥാനിൽ പ്രവേശിക്കും.

ബിജെപിയുടെ വിചാരധാരയാണ് അവർ ഇന്ത്യയിൽ നടപ്പിലാക്കാൻ ശ്രമിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എല്ലായിടവും സന്ദർശിക്കാൻ താൽപര്യം കാണിക്കുന്ന മോദി എന്തുകൊണ്ട് ഇതുവരെയും മണിപ്പൂരിൽ പോയില്ല എന്ന് അദ്ദേഹം ചോദിച്ചു. വെറുപ്പിന്‍റെ ബിജെപി വിചാരധാരയുടെ ഈ നാട്ടിൽ സ്നേഹത്തിന്‍റെ സന്ദേശവുമായി ആണ് ഞങ്ങൾ യാത്ര ചെയ്യുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

നിലവിൽ 49 ദിവസം പിന്നിട്ട ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ജനുവരി 14-ന് മണിപ്പൂരിൽ നിന്നും ആരംഭിച്ച ഭാരത് ജോഡോ ന്യായ് യാത്ര 67 ദിവസം കൊണ്ട് 6713 കിലോമീറ്റർ പിന്നിട്ട് 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ സഞ്ചരിച്ച് മാർച്ച് 20 ന് മുംബൈയിൽ സമാപിക്കും.

 

Comments (0)
Add Comment