മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണം; മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍ കത്ത് നല്‍കി

Jaihind News Bureau
Saturday, May 2, 2020

V.M.-Sudheeran

 

ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തിയതോടെ സംസ്ഥാനത്ത് മദ്യശാലകള്‍ തുറക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നത് അതീവജാഗ്രതയോടെയും കരുതലോടെയും വേണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

കൊവിഡിനെ കാര്യക്ഷമമായി പ്രതിരോധിക്കുന്നതില്‍ മദ്യശാലകള്‍ അടഞ്ഞുകിടന്നത് നിര്‍ണായകമായിരുന്നുവെന്നത് ഏവരും സമ്മതിക്കുന്നതാണ്. ശാരീരിക പ്രതിരോധശേഷി വര്‍ധിപ്പിച്ചും കുടുംബ ഭദ്രതയും സമാധാനവും മെച്ചപ്പെടുത്തിയും കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വലിയതോതില്‍ സഹായകരമായത് മദ്യശാലകള്‍ അടച്ചുപൂട്ടിയ സാഹചര്യമാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു. അതിനാല്‍ മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന ആപല്‍ക്കരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് സംസ്ഥാനത്തെ കൊണ്ടെത്തിക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കരുതെന്നും അദ്ദേഹം മുഖ്യമന്ത്രിക്കയച്ച കത്തില്‍  ആവശ്യപ്പെട്ടു.

വി.എം സുധീരന്‍ മുഖ്യമന്ത്രിക്കയച്ച കത്തിന്‍റെ പൂര്‍ണരൂപം

പ്രിയപ്പെട്ട മുഖ്യമന്ത്രി,
ലോക്ക് ഡൗണ്‍ സംബന്ധിച്ച കേന്ദ്രനിര്‍ദ്ദേശങ്ങളില്‍ ചില ഇളവുകള്‍ വരുത്തിയിരിക്കുകയാണല്ലോ.
ഇതില്‍ മദ്യവില്പനസംബന്ധിച്ച് ചില അവ്യക്തതകള്‍ വന്നിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിരിക്കുമെന്നു കരുതുന്നു. ബാറുകള്‍ അടച്ചിടണമെന്ന് കൃത്യമായി പറയുന്നുണ്ട്. എന്നാല്‍ മറ്റുമദ്യവില്പനശാലകള്‍ തുറക്കുന്നതിന് അനുവാദം നല്‍കാതെ മദ്യവില്പനയ്ക്കുവേണ്ട നിബന്ധനകളെക്കുറിച്ചാണ് അതില്‍ പരാമര്‍ശിക്കുന്നത്.
ഇത്തരത്തിലുള്ള തന്ത്രപരമായ ഒരുനീക്കവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവന്നതിന്റെ പിന്നിലുള്ളത് ഇന്ത്യയിലെ മദ്യകമ്പനികളുടെ സംഘടിതസമ്മര്‍ദ്ദം തന്നെയാണെന്നത് വ്യക്തമാണ്. The International Spirits and Wine Association india, Confederation of Indian Alchoholic Beverage Companies, All India Brewers Association എന്നീ സംഘടിത മദ്യമുതലാളി പ്രസ്ഥാനങ്ങള്‍ കേന്ദ്ര-ധനകാര്യ-വാണിജ്യമന്ത്രിമാര്‍, നീതി ആയോഗ്, സംസ്ഥാന മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്ക് മദ്യവില്പന നടന്നില്ലെങ്കില്‍ രാജ്യമാകെ അവതാളത്തിലായിപ്പോകുമെന്ന വിധത്തിലുള്ള മെമ്മോറാണ്ടം നല്‍കിയതും തുടര്‍സമ്മര്‍ദ്ദം ചെലുത്തിവരുന്നതും ഏവര്‍ക്കും അറിയാവുന്നതാണ്.
മദ്യവ്യാപനത്തിനായി നിലകൊള്ളുന്ന ആഗോള മദ്യകമ്പനികളുടെ പൊതുവേദിയായ  International Allaince for Responsible Drinking ലോകവ്യാപകമായി നടത്തിവരുന്ന ഇടപെടലുകള്‍ പരസ്യമാണ്. മദ്യവില്പനസംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മയപ്പെട്ടതിന്റെപിന്നില്‍ ഇവരുടെ സമ്മര്‍ദ്ദവുമുണ്ട്.
കേന്ദ്രസര്‍ക്കാരിന്റെ മെയ് 1 ലെ ഉത്തരവിന്റെ 10-ാം ഇനത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോവിഡ് 19 ഫലപ്രദമായി പ്രതിരോധിക്കുന്നതിനുവേണ്ട കൂടുതല്‍  ശക്തമായ നടപടികള്‍ സാഹചര്യമനുസരിച്ച് സ്വീകരിക്കാമെന്ന് വ്യക്തമാക്കിയിട്ടുള്ളതാണല്ലോ.
അതുകൊണ്ട് കേരളത്തിലെ കാര്യത്തില്‍ തീരുമാനമെടുക്കുന്നത് അതീവ ജാഗ്രതയോടെയും കരുതലോടെയും വേണം.
കേരളത്തില്‍ കോവിഡിനെ കാര്യക്ഷമമായി പ്രതിരോധിക്കുന്നതില്‍ മദ്യശാലകള്‍ അടഞ്ഞുകിടന്നത്. നിര്‍ണ്ണായകമായിരുന്നുവെന്നത് ഏവരും സമ്മതിക്കുന്നതാണ്. ശാരീരിക പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ചും കുടുംബഭദ്രതയും സമാധാവും മെച്ചപ്പെടുത്തിയും കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വലിയതോതില്‍ സഹായകരമായത് മദ്യശാലകള്‍ അടച്ചുപൂട്ടിയ സാഹചര്യമാണ്.
ലോകാരോഗ്യസംഘടനയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഇക്കാര്യങ്ങളില്‍ പ്രസക്തവും പരമപ്രധാനവുമാണ്.
മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടായാല്‍ ഇതേവരെ കോവിഡ് പ്രതിരോധത്തിലുണ്ടായ ഗുണഫലങ്ങള്‍ ഇല്ലാതാകുമെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.
അതുകൊണ്ട് മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിക്കുന്ന ആപല്‍ക്കരമായ സ്ഥിതിവിശേഷത്തിലേയ്ക്ക് സംസ്ഥാനത്തെ കൊണ്ടെത്തിക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ എടുക്കരുതെന്നാണ് എന്റെ അഭ്യര്‍ത്ഥന.

സ്‌നേഹപൂര്‍വ്വം

വി.എം.സുധീരന്‍
ശ്രീ പിണറായി വിജയന്‍
ബഹു. മുഖ്യമന്ത്രി
പകര്‍പ്പ് :
ശ്രീ. ഇ. ചന്ദ്രശേഖരന്‍, ബഹു.റവന്യൂവകുപ്പു മന്ത്രി
ശ്രീമതി. കെ.കെ. ഷൈലജടീച്ചര്‍, ബഹു.ആരോഗ്യവകുപ്പു മന്ത്രി
ശ്രീ. ടി.പി. രാമകൃഷ്ണന്‍, ബഹു.എക്‌സൈസ് വകുപ്പുമന്ത്രി
ശ്രീ. എ.കെ.ബാലന്‍, ബഹു. നിയമവകുപ്പ് മന്ത്രി
ശ്രീ. രമേശ് ചെന്നിത്തല ബഹു.പ്രതിപക്ഷനേതാവ്
ശ്രീ. ടോംജോസ് ഐ.എ.എസ്., ചീഫ് സെക്രട്ടറി, കേരളസര്‍ക്കാര്‍