‘ബെവ് ക്യൂ’ ആപ്പിനായി ഫെയര്‍കോഡിനെ തെരഞ്ഞെടുത്തത് നടപടി ക്രമങ്ങള്‍ പാലിക്കാതെ; സര്‍ക്കാരിനെതിരെ ഹൈക്കോടതി

Jaihind News Bureau
Tuesday, June 9, 2020

കൊച്ചി: ബെവ് ക്യൂ ആപ്പ് നിര്‍മ്മാണത്തിനായി ഫെയര്‍കോഡ് കമ്പനിയെ തെരഞ്ഞെടുത്തത് നടപടി ക്രമങ്ങള്‍ പാലിക്കാതെയെന്ന് ഹൈക്കോടതി. സ്റ്റാര്‍ട്ട്അപ്പ് മിഷന്‍റെ കോണ്‍ട്രാക്ട് ജീവനക്കാരനാണ് ഇന്‍റര്‍വ്യൂ നടത്തിയത്. ഇവരെ തെരഞ്ഞെടുത്തതിന്‍റെ സൂം മീറ്റിങ്ങിന്‍റെ റെക്കോര്‍ഡ് നശിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചു. സീഡ് മാര്‍ക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി സമര്‍പ്പിച്ച പരാതിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. നടപടിക്രമങ്ങള്‍ പാലിച്ചില്ല എന്ന ആരോപണമാണ് ഹര്‍ജിക്കാര്‍ മുന്നോട്ടുവെച്ചത്.

സംസ്ഥാന സര്‍ക്കാരിനും സ്റ്റാര്‍ട്ട് അപ്പ് മിഷനും ബെവ്‌കോയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അതൊടൊപ്പം തന്നെ ഫെയര്‍കോഡ് ടെക്‌നോളജീസിന് ഇമെയില്‍ വഴി നോട്ടീസയയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കും.

അതേസമയം സിപിഎം സഹയാത്രികനായ വ്യക്തിയുടെ കമ്പനിക്ക് ആപ്പ് നിര്‍മ്മിക്കാനുള്ള അനുമതി നല്‍കിയതിനെതിരെ തുടക്കത്തില്‍ തന്നെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. 35 ലക്ഷം പേര്‍ക്ക്  ഒരേസമയം ആപ്പ് ഉപയോഗിക്കാം എന്നായിരുന്നു  ഫെയര്‍കോഡിന്റെ അവകാശവാദം. ആപ്പ് നിര്‍മ്മാണത്തിന് കരാറൊപ്പിട്ടതില്‍ പക്ഷപാതമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു.

അതിനിടെ ബെവ് ക്യു ആപ്പിനെതിരെ ബിവറേജസ് കോര്‍പ്പറേഷനും രംഗത്തെത്തി. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളിൽ ഔട്‌ലെറ്റിനു കിട്ടിയത് 49,000 ടോക്കണുകള്‍ മാത്രമാണെന്നും ബെവ് ക്യു ആപ്പ് ഇതേ രീതിയിൽ തുടർന്നാൽ ഔട്‌ലെറ്റുകള്‍ പൂട്ടേണ്ടി വരുമെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയി.

ആപ്പില്‍ വില്‍ക്കുന്ന ടോക്കൺ കൂടുതലും എത്തുന്നത് ബാറിലേക്കാണ്. ഇതിലൂടെ കോടികളുടെ നഷ്ടമാണ് കോര്‍പ്പറേഷനുണ്ടായതെന്നും ബെവ്കോ ചൂണ്ടിക്കാട്ടുന്നു. ആപ്പിന്‍റെ പേര് ‘ബാർ ക്യൂ’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബെവ്കോയിലെ സംഘടനകളും ആപ്പിനെതിരെ രംഗത്തെത്തി.