‘ബെവ് ക്യു’ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; മദ്യ വില്‍പ്പനയ്ക്കായി സൗജന്യ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താമെന്ന ബാങ്കുകളുടെ നിര്‍ദേശം സര്‍ക്കാര്‍ തള്ളി, സിപിഎം സഹയാത്രികന് കരാര്‍ നല്‍കിയത് ചട്ടങ്ങള്‍ മറികടന്ന്

Jaihind News Bureau
Tuesday, May 26, 2020

 

മദ്യ വില്‍പ്പനക്കുള്ള ‘ബെവ് ക്യു’ ആപ്പിന് പിന്നില്‍ നടന്ന കൂടുതല്‍ അഴിമതിയുടെ വിവരങ്ങള്‍ പുറത്ത്. സൗജന്യമായി മദ്യവില്‍പ്പനക്ക് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്താമെന്ന് ബാങ്കുകള്‍ അറിയിച്ചിട്ടും അത് മറികടന്ന് സ്വകാര്യ കമ്പനിക്ക് ആപ്പ് നിര്‍മ്മാണത്തിനായി സര്‍ക്കാര്‍ കരാര്‍ നല്‍കുകയായിരുന്നു.

മദ്യ വിതരണത്തിന് ആപ്പ് തയ്യാറാക്കുന്നതിനായി സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയില്‍ വലിയ അഴിമതി നടന്നുവെന്ന ആരോപണം നേരത്തെ തന്നെ ശക്തമാണ്. ഇത് ശരി വയ്ക്കുന്ന കൂടുതല്‍ തെളിവുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഓണ്‍ലൈന്‍ മദ്യ വില്‍പ്പനക്ക് ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്താന്‍ തയ്യാറാണെന്ന് പറഞ്ഞ് സംസ്ഥാനത്തെ നിരവധി ബാങ്കുകള്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. പേയ്‌മെന്റ് അടക്കം ഓണ്‍ലൈനില്‍ നടത്തുന്ന സംവിധാനമാണ് മിക്ക ബാങ്കുകളും മുന്നോട്ടുവച്ചിരുന്നത്.

പൂര്‍ണമായും സൗജന്യമായിട്ട് സേവനം ലഭ്യമാക്കാം എന്ന വാഗ്ദാനവും ബാങ്കുകള്‍ മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ അത് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. പല തവണ ബാങ്കുകളും സര്‍ക്കാരിനെ സമീപിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട് ബാങ്ക് പ്രതിനിധികളുമായി ഒരു ചര്‍ച്ചയ്ക്ക് പോലും സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. നിലവില്‍ ഒഡീഷയിലും ബംഗാളിലും മദ്യവിതരണം നടത്തുന്നത് ബാങ്കുകള്‍ ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ്.

എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെയര്‍കോഡ് എന്ന സ്വാകാര്യ കമ്പനിക്ക് ആപ്പിന്റെ നിര്‍മ്മാണ കരാര്‍ നല്‍കുന്നതിന് വേണ്ടിയാണ് ബാങ്കുകളുടെ സൗജന്യ സേവനം പോലും സര്‍ക്കാര്‍ വേണ്ടെന്നു വച്ചത്. ഇടതുപക്ഷ സഹയാത്രികനായ രജിത് രാമചന്ദ്രന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഫെയര്‍കോഡ് എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി. സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി നിരന്തരം പോസ്റ്റുകളിടുന്ന ആളാണ് രജിത് രാമചന്ദ്രന്‍.

ബെവ്‌കോയുടെ വെര്‍ച്വല്‍ ക്യൂ ആപ്പിന് 2,84,203 രൂപയാണ് ചെലവ്. വാറന്റി പീരീഡ് കഴിഞ്ഞുള്ള വാര്‍ഷിക അറ്റകുറ്റപ്പണിക്ക് 2 ലക്ഷം രൂപ നല്‍കണം.ഉപഭോക്താക്കള്‍ക്ക് അയയ്ക്കുന്ന എസ്എംഎസിന് 12 പൈസയും സര്‍ക്കാര്‍ നല്‍കണം. എസ്എംഎസ് സേവനത്തിന് മാസവാടകയായി 2,000 രൂപയാണ് നല്‍കേണ്ടത്. വാറന്റി പീരിഡ് കഴിഞ്ഞുള്ള അറ്റക്കുറ്റപ്പണികള്‍ക്കുള്ള തുക അഡ്വാന്‍സായി നല്‍കുമെന്നും കരാറില്‍ പറയുന്നു.