ആക്ഷേപ പരാമർശത്തില്‍ ക്ഷമചോദിച്ച് ബെന്യാമിന്‍ ; സന്തോഷമെന്ന് കെ.എസ് ശബരീനാഥന്‍, കുറിപ്പ്

Jaihind News Bureau
Tuesday, February 2, 2021

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ് ശബരീനാഥന്‍ എംഎല്‍എയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ക്ഷമാപണവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. ശബരീനാഥനെതിരെ താന്‍ ഉപയോഗിച്ച പദപ്രയോഗം സോഷ്യല്‍മീഡിയയില്‍ അദ്ദേഹത്തെ പരിഹസിക്കാനുള്ള ആയുധമായി കൊണ്ടുനടക്കുകയാണെന്നും ഈ നീക്കം ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഒട്ടും മനപൂർവ്വമല്ലാതെ നടത്തിയ ഒരു പ്രയോഗം ശബരിയെപ്പോലെ ഒരു സംശുദ്ധ രാഷ്ട്രീയപ്രവർത്തകനെ പരിഹസിക്കാനായി നിരന്തരമായി ഉപയോഗിക്കപ്പെടുന്നു എന്നത് എനിക്ക് വളരെ വിഷമം ഉണ്ടാക്കുന്നുണ്ട്. അതിനു കാരണക്കാരനാകേണ്ടി വന്നതിൽ ശബരിയോട് നിർവ്യാജമായി ക്ഷമ ചോദിക്കുകയും ചെയ്യുന്നു. എന്നെ വായിക്കുകയും എന്നെ പിന്തുടരുകയും ചെയ്യുന്ന എല്ലാവരും ദയവായി എന്‍റെ അഭ്യർത്ഥന കൈക്കൊള്ളണമെന്നും അത്തരം വിളിപ്പേരുകൾ ഉപയോഗിച്ച് അദ്ദേഹത്തെ ആക്ഷേപിക്കുന്നതിൽ നിന്ന് പിന്മാറണമെന്നും അഭ്യർത്ഥിക്കുന്നു’ ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ബെന്യാമിന്‍റെ പോസ്റ്റിന് പ്രതികരണവുമായി കെ.എസ് ശബരീനാഥനും രംഗത്തെത്തി. ബെന്യാമിന്‍ മനസ്സുതുറന്ന് എഴുതിയതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  ‘കുറച്ചു മാസങ്ങൾക്ക് മുൻപ് ഒരു രാഷ്ട്രീയവിവാദത്തിൽ അനുചിതമായ ചില വാക്കുക്കൾ അദ്ദേഹത്തിൽ നിന്ന് വന്നപ്പോൾ അത് എന്നെ ഉലച്ചിരുന്നു. വളരെ സവിശേഷമായി നിലകൊണ്ടിരുന്ന ഞങ്ങൾ തമ്മിലുള്ള വ്യക്തിബന്ധത്തെയും അതു സാരമായി ബാധിച്ചു.

ബെന്യാമിന്‍റെ അടുത്ത സുഹൃത്തായ ദിവ്യയ്ക്കും വിഷമമായി. അന്നത്തെ എന്റെ പ്രതികരണം വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ ഖേദമുണ്ട്. ഇന്ന് ആ ഓർമ്മകൾ മായ്ച്ചു കളയുവാൻ നടത്തിയ ശ്രമത്തിൽ ഞാനും ആത്മാർത്ഥമായി പങ്കു ചേരുന്നു. മാപ്പ് എന്ന രണ്ടക്ഷരങ്ങൾ രണ്ടു മനസ്സുകളെ മോചിപ്പിക്കുന്നു എന്നല്ലേ പറയാറുള്ളത്. എല്ലാ നന്മകളും നേരുന്നു.- കെ.എസ് ശബരീനാഥന്‍ കുറിച്ചു.