വിവാദ മരംമുറി കേസിൽ നടപടി നേരിട്ട ബെന്നിച്ചൻ തോമസ് പുതിയ വനംവകുപ്പ് മേധാവി

Jaihind Webdesk
Wednesday, May 25, 2022

തിരുവനന്തപുരം: .മുല്ലപ്പെരിയാർ ബേബി ഡാമിലെ വിവാദ മരം മുറി കേസിൽ  നടപടി നേരിട്ട ബെന്നിച്ചൻ തോമസ് പുതിയ വനം വകുപ്പ് മേധാവി. സെർച്ച് കമ്മറ്റി ശുപാർശ മന്ത്രി സഭ അം​ഗീകരിച്ചു. നിലവിലെ വനം വകുപ്പ് മേധാവി ഈ മാസം വിരമിക്കുന്നതോടെയാണ് പുതിയ നിയമനം നിലവിൽ വരിക. മരം മുറിക്കാൻ ഉള്ള അനുമതി തമിഴ്നാടിന് നൽകിയതുമായി ബന്ധപ്പെട്ടാണ് നടപടി ഉണ്ടായത്. ഈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ക്ലീൻ ചിറ്റ് നൽകിയതോടെയാണ് നിയമന ശുപാർശ അം​ഗീകരിച്ചത്.

ബെന്നിച്ചൻ തോമസിനെതിരായ നടപടികൾ താക്കീത് നൽകിയാണ്  സ‍ര്‍ക്കാര്‍ അവസാനിപ്പിച്ചത് . നയപരമായ തീരുമാനങ്ങളിൽ ഉത്തരവിറക്കുമ്പോൾ സർക്കാരിനെ അറിയിക്കണം എന്ന മുന്നറിയിപ്പോടെയാണ് ബെന്നിച്ചനെതിരായ വകുപ്പുതല നടപടികൾ സര്‍ക്കാര്‍ അവസാനിപ്പിച്ചത്. ബേബിഡാമിലെ മരം മുറിക്കാൻ തമിഴ്നാട് സ‍ര്‍ക്കാരിന് അനുവാദം നൽകി ഉത്തരവ് ഇറക്കിയതോടെയാണ് ബെന്നിച്ചനെതിരെ വകുപ്പുതല അന്വേഷണം ഉണ്ടായത്

ചീഫ് സെക്രട്ടറിയും വനംമേധാവിയും വനംസെക്രട്ടറിയും കേന്ദ്ര പ്രതിനിധിയും മറ്റൊരു സംസ്ഥാനത്തിലെ വനംമേധാവിയും ഉള്‍പ്പെടുന്ന സമിതിയാണ് പുതിയ വനംമേധാവിയെ കണ്ടെത്തുന്നത്. പി.സി.സി.എഫ് മാരായ ഗംഗാസിംഗ്, ജയപ്രസാദ്, പ്രകൃതി ശ്രീവാസ്തവ, നോയൽ തോമസ് എന്നിവരുടെ പേരുകളും സമിതിക്കു മുന്നിലുണ്ടായിരുന്നു. നിലവിലെ വനം മേധാവി കേശവൻ ഈ മാസം 30നാണ് വിരമിക്കുന്നത്.