ബെന്നി ബെഹനാന് മിന്നും ജയം ; ചാലക്കുടി മണ്ഡലം തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്

Jaihind Webdesk
Friday, May 24, 2019

ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫില്‍ നിന്ന് ചാലക്കുടി തിരിച്ചുപിടിച്ച് യു.ഡി.എഫ്. സിനിമാ താരവും സിറ്റിംഗ് എം.പിയുമായ ഇന്നസെന്‍റിനെ പരാജയപ്പെടുത്തിയാണ് ബെന്നി ബെഹനാനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചത്.

1,32,274 വോട്ടുകള്‍ക്കാണ് സിറ്റിംഗ് എം.പിയും സിനിമാതാരവുമായ ഇന്നസെന്‍റിനെ പരാജയപ്പെടുത്തി ബെന്നി ബെഹനാൻ വിജയിച്ചത്. ബെന്നി ബെഹനാന്‍ 4,73,444 വോട്ടുകള്‍ നേടിയപ്പോള്‍ ഇന്നസെന്‍റിന് ലഭിച്ചത് 3,411,70 വോട്ടുകളാണ്. കോണ്‍ഗ്രസിലെ ശക്തനായ നേതാവ് പി.സി ചാക്കോയെ 2014 ല്‍ 13,884 വോട്ടുകള്‍ക്കായിരുന്നു ഇന്നസെന്‍റ്അട്ടിമറിച്ചത്. ഇക്കുറിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും പ്രചാരണത്തിലും മുന്നിലെത്തിയെങ്കിലും ഇന്നസെന്‍റിന് ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. പ്രഖ്യാപനം വൈകിയെങ്കിലും സ്ഥാനാര്‍ത്ഥിയായി ബെന്നി ബെഹനാന്‍ എത്തിയതോടെ മത്സരം മുറുകി. ബി.ജെ.പിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനായിരുന്നു എൻ.ഡി.എ സ്ഥാനാർത്ഥി.

പ്രചാരണ ഘട്ടത്തില്‍ ബെന്നി ബെഹനാൻ അസുഖബാധിതനായി ആശുപത്രിയിലായത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തി.ആ ഘട്ടത്തില്‍ മണ്ഡലത്തിലെ യുവ എം.എൽ.എമാർ അടക്കമുള്ള പ്രമുഖ നേതാക്കള്‍ കളത്തിലിറങ്ങി ബെന്നി ബെഹനാനുവേണ്ടി പ്രചാരണം നടത്തി. തനിക്ക് സുഖമില്ലാതിരുന്ന സമയത്ത് സഹപ്രവർത്തകർ നടത്തിയ കഠിന പരിശ്രമത്തിന്‍റെ വിജയമാണിതെന്ന് ബെന്നി ബെഹനാൻ പറഞ്ഞു. വിജയം പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെന്നി ബെഹനാന്‍ – 4,73,444

ഇന്നസെന്‍റ് (സി.പി.എം) – 3,41,170

എ.എന്‍ രാധാകൃഷ്ണന്‍ (ബി.ജെ.പി) – 1,54,159