എൻ.എസ്.എസിനെതിരായ അധിക്ഷേപം പ്രതിഷേധാർഹം: ബെന്നി ബെഹനാൻ

webdesk
Sunday, January 6, 2019

ശബരിമലയിലെ സംഭവവികാസങ്ങൾ ഹിന്ദു സമൂഹത്തിൽ ആശങ്ക ഉണ്ടാക്കിയെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. ഇരുളിന്‍റെ മറവിൽ സർക്കാർ സ്പോൺസർ ചെയ്ത് യുവതികളെ ശബരിമല ദർശനത്തിനെത്തിച്ചത് ആശങ്ക വർധിപ്പിക്കാനിടയാക്കി. ഇത്തരമൊരു സാഹചര്യത്തിൽ എൻ.എസ്.എസ് നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ വർഗീയമായി കാണുന്നത് ശരിയല്ല. എൻ.എസ്.എസിനെ ആർ.എസ്.എസായി ചിത്രീകരിക്കാൻ സി.പി.എം നേതാക്കളും മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരും നടത്തുന്ന ശ്രമങ്ങൾ അപലപനീയമാണെന്നും യു.ഡി.എഫ് കൺവീനർ പറഞ്ഞു.

എന്‍.എസ്.എസും സ്‌ഥാപക നേതാവ് മന്നത്ത് പത്മനാഭനും കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തിന് നൽകിയ സംഭാവനകൾ മറക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഇത്തരം ചരിത്ര പാരമ്പര്യമുള്ള ഒരു സംഘടനയെ ആർ.എസ്.എസ് ആയി ചിത്രീകരിക്കാൻ ശ്രമിക്കുന്നത് ശരിയല്ല. വിശ്വാസത്തിന്‍റെ പേരിൽ വർഗീയത പരത്താൻ എൻ.എസ്.എസ് ഒരിക്കലും ശ്രമിച്ചിട്ടില്ല. എന്നാൽ നിരന്തരം വർഗീയത പരത്തുന്ന ആർ.എസ്.എസ്, ബി.ജെ.പി സംഘടനകളുമായി എൻ.എസ്.എസിനെ ചേർത്തുവെച്ച് അധിക്ഷേപിക്കുന്ന നടപടിയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ബെന്നി ബെഹനാൻ പറഞ്ഞു.[yop_poll id=2]