സ്പ്രിങ്ക്‌ളര്‍ ഇടപാട്‌: മുഖ്യമന്ത്രിയുടെ നടപടിയിൽ സി പി എം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണം: ബെന്നി ബെഹനാൻ എം.പി

Jaihind News Bureau
Saturday, April 18, 2020

കൊച്ചി: പാർട്ടി നയം ലംഘിച്ച് അമേരിക്കൻ കമ്പനിയുമായി കരാർ ഇടപാട് നടത്തിയ മുഖ്യമന്ത്രിയുടെ നടപടിയിൽ സി പി എം കേന്ദ്ര നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് യു ഡി എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി. ഇടപാടുമായി ബന്ധപ്പെട്ട് കുറ്റം ഏറ്റെടുത്ത് മുന്നോട്ടു വന്ന ഐ ടി സെക്രട്ടറിക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്നും ബെന്നി ബഹനാൻ കൊച്ചിയിൽ ആവശ്യപ്പെട്ടു.

കേരള ജനതയുടെ അതീവ രഹസ്യ സ്വഭാവമുള്ള ആരോഗ്യ വിവരങ്ങളാണ് അമേരിക്കൻ കമ്പനിക്ക് സർക്കാർ കൈമാറിയിരിക്കുന്നത്. പിണറായി വിജയന്‍റെ രഹസ്യ കച്ചവടവും പാർട്ടി ലൈൻ വിട്ടുള്ള നടപടികളോടുമുള്ള സി പി എം കേന്ദ്ര നേതൃത്വത്തിന്‍റെ നിലപാടറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെെന്നും അദ്ദേഹം  പറഞ്ഞു. കേരളത്തിലെ ഔഷധ വിപണി ലക്ഷ്യമിട്ടിരിക്കുന്ന വിദേശ കമ്പനികൾക്ക് മലയാളികളുടെ ആരോഗ്യ വിവരങ്ങളടങ്ങിയ ഡാറ്റ വിൽപ്പന നടത്തി ഇവിടേക്ക് കടന്നുവരാനുള്ള അവസരം തുറന്നിട്ടിരിക്കുകയാണ് സർക്കാർ.

ഇടപാട് സംബന്ധിച്ച പ്രതിപക്ഷത്തിന്‍റെ ചോദ്യങ്ങളോട് മുഖ്യമന്ത്രി അസ്വസ്ഥനാകുന്നു. സ്പ്രിങ്ക്ളര്‍ കരാർ തർക്കങ്ങളിലേക്ക് നീങ്ങിയാൽ ന്യൂയോർക്ക് കോടതിയിൽ മാത്രമാണ് കേസ് നൽകാനാവുക. കരാർ മാറ്റപ്പെടാൻ കഴിയാത്തതും, ഡാറ്റയടെ എല്ലാ കാലത്തേക്കുമുള്ള അവകാശവും സ്പ്രിംഗ്ലറിന് നൽകിയുമാണ് മാസ്റ്റർ കരാർ ഉണ്ടാക്കിയിരിക്കുന്നതെന്നും ബെന്നി ബഹനാൻ ചൂണ്ടിക്കാട്ടി. വിവാധ കരാറിനെ രാഷ്ട്രീയമായും  നിയമപരമായും യുഡിഎഫ് നേരിടും. കെ എം ഷാജിക്കെതിരെയുള്ള വിജിലൻസ് കേസ് മുഖ്യമന്ത്രിയുടെ പ്രതികാര നടപടിയാണെന്നും, ഷാജിക്കൊപ്പം യുഡിഎഫ് ഒറ്റക്കെട്ടായിട്ടുണ്ടെന്നും കൺവീനർ അറിയിച്ചു.