കൊച്ചി : നിയമസഭ കയ്യാങ്കളിക്കേസില്‍ മന്ത്രി ശിവൻകുട്ടി അടക്കമുള്ള പ്രതികൾ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധി സർക്കാരിനേറ്റ കനത്ത പ്രഹരമെന്ന് ബെന്നി ബെഹനാൻ എം.പി. ശിവൻകുട്ടിയെ മന്ത്രിസഭയിൽ നിന്ന് ഉടൻ പുറത്താക്കാൻ മുഖ്യമന്ത്രി ആർജവം കാണിക്കണം. കെ.ടി.ജലീൽ എം എൽ എയ്ക്ക് നിയമസഭയിൽ തുടരാനുള്ള ധാർമ്മിക അവകാശം നഷ്ടപ്പെട്ടെന്നും ബെന്നി ബഹനാൻ ചൂണ്ടിക്കാട്ടി. പ്രതികൾ ഭരണഘടന നല്‍കുന്ന അവകാശത്തിന്റെ അതിര് ഭേദിച്ചു എന്ന കോടതി പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ധാർമ്മികതയുണ്ടെങ്കിൽ ഒരു നിമിഷം വൈകാതെ രാജി വച്ച് ജനങ്ങളോട് മാപ്പ് പറയണം. സുപ്രീം കോടതിയുടെ രൂക്ഷ വിമർശനത്തിന് ഇരയായ ഒരാൾ വിദ്യാഭ്യാസ മന്ത്രിയായി തുടരുന്നത് അംഗീകരിക്കാൻ കഴിയില്ല.
സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റത്തിൽ നിന്നുള്ള പരിരക്ഷയല്ലെന്ന വിധിപ്രസ്താവം സർക്കാരിനുള്ള താക്കീതാണ്. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണെന്ന കോടതി പരാമർശം ജനാധിപത്യ മൂല്യം ഉയർത്തിപ്പിടിക്കുന്നതാണ്. പ്രത്യേക പരിരക്ഷ ജനപ്രതിനിധികള്‍ എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണെന്ന് കോടതി വ്യക്തമാക്കിയ സ്‌ഥിതിക്ക് പ്രതികളായ എം എൽ എ മാർക്ക് സ്‌ഥാനത്ത് തുടരാനുള്ള ധാർമ്മികാവകാശം ഇല്ലാതായി. കേസ് പിന്‍വലിക്കാനുള്ള ഇപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണെന്ന കോടതി പരാമർശം സർക്കാരിന്റെ ധാർഷ്ട്യത്തിനേറ്റ തിരിച്ചടിയാണ്.
അക്രമങ്ങളില്‍ എന്ത് പൊതുതാല്‍പര്യമാണ് ഉള്ളതെന്നും സര്‍ക്കാര്‍ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ടുള്ള സുപ്രീംകോടതിയുടെ ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി പറയണം. നിയമസഭയ്ക്കുള്ളിൽ പ്രതിഷേധിക്കാനുള്ള അവകാശത്തിന്റെ ഭാഗമായാണ് പൊതുമുതൽ നശിപ്പിച്ചതെന്ന വാദം അംഗീകരിക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസ് പിൻവലിക്കാൻ അനുവദിക്കുന്നത് നിയമവിരുദ്ധവും സാമാന്യ നീതി നിഷേധിക്കലുമാണെന്നും കോടതി വിലയിരുത്തി.
ഭയവും പക്ഷഭേദവുമില്ലാതെ പ്രവര്‍ത്തിക്കാനാണ് നിയമസഭാംഗങ്ങള്‍ക്ക് നിയമ പരിരക്ഷ. അംഗങ്ങള്‍ അവരുടെ സത്യവാചകത്തിനോട് നീതി പുലര്‍ത്തണം. എങ്കില്‍ മാത്രമേ അവരുടെ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമാകൂ. ക്രിമിനല്‍ നിയമത്തില്‍ നിന്നുള്ള ഒഴിവാകലിന് അല്ല നിയമപരിരക്ഷ നല്‍കുന്നത്. അങ്ങനെയെങ്കില്‍ അത് പൗരന്മാരോടുള്ള വഞ്ചനയായി മാറുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സുപ്രീം കോടതി വിധി പുറത്തു വന്നയുടൻ തന്നെ മാമന്ത്രി ശിവൻകുട്ടിയും കെ.ടി. ജലീലും രാജി വെയ്‌ക്കേണ്ടതായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർക്ക് എതിരായ കോടതിയുടെ രൂക്ഷ വിമർശനം സർക്കാരിന്റെ തെറ്റായ നടപടികൾക്ക് കൂട്ട് നിൽക്കുന്ന ഉദ്യോഗസ്‌ഥർക്കുള്ള മുന്നറിയിപ്പ് കൂടിയാണെന്ന് ബെന്നി ബഹനാൻ പറഞ്ഞു.