ആശുപത്രിക്കിടക്കയിലും തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമായി ബെന്നിച്ചേട്ടന്‍

Jaihind Webdesk
Monday, April 8, 2019

ആശുപത്രിയില്‍ ചികിത്സയില്‍ തുടരുമ്പോഴും തെരഞ്ഞെടുപ്പ് സജീവ സാന്നിദ്ധ്യമാകുകയാണ് സജീവ സാന്നിധ്യമാവുകയാണ് ചാലക്കുടി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍.
യുഡിഎഫ് കണ്‍വീനര്‍ കൂടിയായ ബെന്നിച്ചേട്ടന്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയില്‍ സുപരിചതനാണ്. അദ്ദേഹത്തിനായി വോട്ടു തേടിയെത്തുന്നവരെ കാണുമ്പോഴേ സ്‌നേഹവായ്‌പോടെ ജനം എതിരേല്‍ക്കുന്നു. സാമൂഹിക മാധ്യമത്തിലെ ബെന്നി ചേട്ടന്റെ ഇടപെടലുകള്‍ അണികള്‍ക്കിടയില്‍ ആവേശമാവുകയാണ്. അദ്ദേഹത്തിന്റെ ഓരോ പോസ്റ്റുകളും നൂറുകണക്കിനാളുകളാണ് ഷെയര്‍ ചെയ്യുന്നത്. എന്റെ അഭാവം നികത്തുന്ന സഹപ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുന്നു. എത്രയും പെട്ടെന്നുതന്നെ മടങ്ങിയെത്തും! ഒപ്പമുണ്ടാകും എന്നും! അദ്ദേഹം കുറിച്ചു.

സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം കൈവരിച്ച മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ ചാലക്കുടി സ്വദേശിനി ശ്വേത കെ.സുഗതന്‍ അഭിമാനമായി മാറിയെന്ന് ബെന്നി ചേട്ടന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. പഠനത്തില്‍ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ച മിടുക്കിയാണ് ശ്വേത. സ്‌ക്കൂള്‍ യുവജനോത്സവത്തില്‍ മൃദംഗത്തില്‍ സംസ്ഥാന തലത്തില്‍ എ ഗ്രേഡും ലോക്കല്‍ ഹിസ്റ്ററി റൈറ്റിങ്ങില്‍ സംസ്ഥാന തലത്തിലും സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട്. കായിക മത്സരങ്ങളിലും മികവ് പുലര്‍ത്തിയിട്ടുള്ള ശ്വേത പതിമൂന്നാം വയസ്സില്‍ സംസ്ഥാന തല മിനി വോളിബോള്‍ മത്സരങ്ങളിലും പങ്കെടുത്തതായി അദ്ദേഹം ആശംസാകുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം ബെന്നി ബഹനാനെ വിശ്രമിക്കാന്‍ വിട്ട് മണ്ഡലം യുവ എം.എല്‍.എ.മാര്‍ കൈയടക്കിക്കഴിഞ്ഞു. ‘ബെന്നിച്ചേട്ടന്‍ വിശ്രമിക്കൂ, ഞങ്ങള്‍ തുടരാം’ എന്ന മുദ്രാവാക്യവുമായാണ് ഇവര്‍ പര്യടനം നടത്തുന്നത്. ബെന്നി ബഹനാന്റെ ജന്മനാട് കൂടിയായ പെരുമ്പാവൂരില്‍ യുവ എം.എല്‍.എ.മാര്‍ ഒന്നിച്ചിറങ്ങിയത് ആവേശമായി. കോണ്‍ഗ്രസ് എം.എല്‍.എ.മാരായ വി.പി. സജീന്ദ്രന്‍, അന്‍വര്‍ സാദത്ത്, എല്‍ദോസ് കുന്നപ്പിള്ളി, റോജി എം. ജോണ്‍ എന്നിവരാണ് പ്രചാരണപരിപാടികള്‍ സജീവമാക്കിയത്. ശനിയാഴ്ച കുറുപ്പംപടി ബ്‌ളോക്കിലാണ് സ്ഥാനാര്‍ഥിയുടെ തുറന്നവാഹനത്തിലുള്ള പ്രചാരണം നിശ്ചയിച്ചിരുന്നത്. മുടക്കം വരുത്താതെ നിശ്ചയിച്ച റൂട്ടുകളിലൂടെ സ്ഥാനാര്‍ഥിക്കുവേണ്ടി എം.എല്‍.എ.മാര്‍ എത്തി. പി.ടി. തോമസ് എം.എല്‍.എ.യും അവരോടൊപ്പം കൂടി.

കുറുപ്പംപടി എലൈറ്റുപടിയില്‍ പി.പി. തങ്കച്ചന്‍ ഉദ്ഘാടനം ചെയ്ത പര്യടനം തുരുത്തിയില്‍ സമാപിച്ചു. ചികില്‍സയില്‍ കഴിയുന്ന ബെന്നി ബഹനാന്‍ സുഖം പ്രാപിച്ചുവരുന്നു. ഒരാഴ്ചത്തെ വിശ്രമമാണ് അദ്ദേഹത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എ. യൂസഫലി തുടങ്ങിയവര്‍ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു.