സ്വര്‍ണ്ണക്കടത്തിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ഒളിവിലിരുന്ന് വെളിപ്പെടുത്തിയ വാദഗതികള്‍ സിപിഎമ്മിന്‍റെ വാദമുഖങ്ങള്‍ തന്നെയെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി. തന്നെ വേട്ടയാടുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നയിരുന്നു സ്വപ്‌നയുടെ പ്രതികരണം. ഇതുതന്നെയാണ് സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് സിപിഎമ്മും നടത്തിയ വിശദീകരണം. രാഷ്ട്രീയ പ്രതിഭാസം മാത്രമാണെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയെരി ബാലകൃഷ്ണനും പ്രതികരിച്ചത്.
ഔദ്യോഗിക പരിപാടികളില്‍ വച്ച് മാത്രമാണ് താന്‍ മന്ത്രിമാരേയും നേതാക്കന്‍മാരേയും കണ്ടതെന്ന് സ്വപ്‌ന പറയുന്നു. മന്ത്രമാരുടെ മറുപടിയും ഇതുതന്നെയാണ്. എന്നാല്‍ സ്വപ്‌നയുടെ വസതിയിലുള്‍പ്പെടെ മന്ത്രിമാരും സെക്രട്ടറിയും സന്ദര്‍ശിച്ചുവെന്ന വാര്‍ത്തകള്‍ പുറത്തുവന്നിട്ടും ഔദ്യോഗിക പരിപാടികളില്‍ മാത്രമേ പങ്കെടുത്തിട്ടുള്ളൂവെന്ന സ്വപ്‌നയുടെ പ്രതികരണവും സിപിഎമ്മിന്‍റെ പ്രതികരണവും ഒന്നാണ്. സിപിഎമ്മിന്‍റെ അറിവോടെ നടത്തുന്ന അഭിപ്രായ പ്രകടനമാണിതെന്നും അദ്ദേഹം പറഞ്ഞു.