ന്യൂഡൽഹി: കാഞ്ചൻജംഗ എക്‌സ്പ്രസ് ട്രെയിനിന് പിന്നില്‍ ഗുഡ്‌സ് ട്രെയിൻ ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി രാഹുല്‍ ഗാന്ധി. വർധിച്ചുവരുന്ന ട്രെയിന്‍ അപകടങ്ങളില്‍ ആശങ്ക രേഖപ്പെടുത്തിയ രാഹുല്‍ മോദി സർക്കാരിന്‍റെ കെടുകാര്യസ്ഥതയെ വിമർശിച്ചു. മോദി സർക്കാരിന്‍റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കാരണമാണ് ട്രെയിൻ അപകടങ്ങൾ വർധിക്കുന്നതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. സർക്കാർ എത്രയും വേഗം നഷ്ടപരിഹാരം നല്‍കാന്‍ തയാറാകണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.
“പശ്ചിമ ബംഗാളിൽ കാഞ്ചൻജംഗ എക്‌സ്പ്രസ് അപകടത്തിൽപ്പെട്ട് നിരവധി പേർ മരിച്ചെന്ന വാർത്ത അങ്ങേയറ്റം ദുഃഖകരമാണ്. മരണമടഞ്ഞവരുടെ കുടുംബങ്ങളോട് എന്‍റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എല്ലാ ഇരകൾക്കും അല്ലെങ്കിൽ അവരുടെ കുടുംബങ്ങൾക്കും സർക്കാർ ഉടൻ തന്നെ മുഴുവൻ നഷ്ടപരിഹാരവും നൽകണം” – രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
മോദി സർക്കാരിന്‍റെ കെടുകാര്യസ്ഥതയുടെയും അവഗണനയുടെയും പ്രത്യക്ഷ ഫലമാണ് കഴിഞ്ഞ 10 വർഷത്തിനിടയിൽ റെയിൽവേ അപകടങ്ങൾ വർധിച്ചത്. ഓരോ ദിവസവും യാത്രക്കാരുടെ ജീവനും സ്വത്തും നഷ്ടപ്പെടുന്നു. ഇന്നത്തെ അപകടം ഈ യാഥാർത്ഥ്യത്തിന്‍റെ മറ്റൊരു ഉദാഹരണമാണ്. ഉത്തരവാദിത്വമുള്ള പ്രതിപക്ഷമെന്ന നിലയിൽ ഈ ഭയാനകമായ അവഗണനയെ ഞങ്ങൾ ചോദ്യം ചെയ്യുന്നത് തുടരും. ഈ അപകടങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മോദി സർക്കാരിന് ഒഴിഞ്ഞുമാറാന്‍ കവിയില്ലെന്നും രാഹുല്‍ വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും കേന്ദ്രത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. ദുരന്തം വേദനാജനകമാണെന്നും ഉത്തരവാദി മോദി സർക്കാരാണെന്നും മല്ലികാർജുന്‍ ഖാർഗെ കുറ്റപ്പെടുത്തി.