ബംഗാളില്‍ തൃണമൂലിന് മുന്നേറ്റം ; ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല ; ദീദി പിന്നില്‍

Jaihind Webdesk
Sunday, May 2, 2021

കൊല്‍ക്കത്ത : രാജ്യം ഉറ്റുനോക്കുന്ന പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് വലിയ മുന്നേറ്റം. ബി.ജെ.പിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായില്ലെന്നാണ് ആദ്യഘട്ടത്തിലെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. അതേസമയം, എന്‍.ഡി.എ. സ്ഥാനാര്‍തി സുവേന്ദു അധികാരിക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നന്ദിഗ്രാമില്‍ മൂവായിരത്തോളം വോട്ടുകള്‍ക്ക് പിന്നിട്ടുനില്‍ക്കുകയാണ്.

ആകെയുള്ള 292 സീറ്റുകളില്‍ 204 ഇടത്ത് ടി.എം.സി. ലീഡ് ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പി. 84 ഇടത്തും മുന്നേറുന്നു. ബി.ജെ.പിക്ക് ഭരണം പിടിക്കുക എന്ന ലക്ഷ്യത്തിന് അടുത്തെത്താനാവില്ലെന്നാണ് ഇപ്പോഴത്തെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.

2016-ലെ തെരഞ്ഞെടുപ്പില്‍ നേടിയതിന് ഇരട്ടി സീറ്റുകളിലാണ് ബി.ജെ.പി. ലീഡ് ചെയ്യുന്നതെങ്കിലും ഭരണം പിടിക്കുക എന്ന ലക്ഷ്യത്തിന് അടുത്തെത്താനാവില്ലെന്നാണ് ഇപ്പോഴത്തെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ തവണ 211 സീറ്റുകളാണ് ടി.എം.സിക്ക് ലഭിച്ചത്. ബി.ജെ.പി. 44 സീറ്റുകളും നേടിയിരുന്നു.

പാര്‍ട്ടി വന്‍മുന്നേറ്റം നടത്തുമ്പോഴും നന്ദിഗ്രാമില്‍ മമത ബാനര്‍ജിയുടെ വിജയം തുലാസ്സിലാണ്. മമതയ്‌ക്കെതിരെ മുന്‍ വിശ്വസ്തന്‍ സുവേന്ദു അധികാരി മൂവായിരത്തോളം വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുകയാണ്. കൊല്‍ക്കത്തയിലെ തന്‍റെ മണ്ഡലമായ ഭവാനിപുര്‍ ഉപേക്ഷിച്ച് സുവേന്ദു അധികാരിക്ക് മറുപടി നല്‍കാനായാണ് മമത നന്ദിഗ്രാമില്‍ മത്സരിച്ചത്. സുവേന്ദു അധികാരിക്ക് വ്യക്തമായ മേല്‍ക്കൈയുള്ള മണ്ഡലമാണ് നന്ദിഗ്രാം.