ബംഗാളിലെ 45 മണ്ഡലങ്ങളില്‍ വിധിയെഴുത്ത് ; കനത്ത സുരക്ഷയിൽ അഞ്ചാംഘട്ട വോട്ടെടുപ്പ്


കൊൽക്കത്ത  : പശ്ചിമബംഗാളിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ആറു ജില്ലകളിലെ 45 മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 39 വനിതകളടക്കം 319 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുളളത്. നാലാംഘട്ട വോട്ടെടുപ്പിനിടയിൽ ഉണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുളളത്. ബാലറ്റ് മെഷീൻ ചില ബൂത്തുകളിൽ തകരാറിലായത് ഒഴിച്ചാൽ ഇതുവരെ കാര്യമായ അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല. സിലിഗുഡി മേയറും ഇടതു നേതാവുമായ അശോക് ഭട്ടാചാര്യ, മന്ത്രിമാരായ ഗൗതം ദേബ്, ബ്രത്യ ബസു, ബി ജെ പി നേതാവ് സമിക് ഭട്ടാചാര്യ എന്നിവർ ഇന്ന് ജനവിധി തേടുന്ന പ്രമുഖരാണ്.

തൃണമൂൽ കോൺഗ്രസ് ഡാർജിലിംഗിലെ മൂന്ന് മണ്ഡലങ്ങളിൽ ഗൂർഖാ ജനമുക്തി മോർച്ച ( ജി ജെ എം) സ്ഥാനാർത്ഥികളെയാണ് പിന്തുണയ്‌ക്കുന്നത്. അടുത്ത കാലംവരെയും ബി ജെ പിയുടെ സഖ്യ കക്ഷിയായിരുന്നു ജി ജെ എം . ഇന്ന് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ 32 എണ്ണം കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസാണ് വിജയിച്ചത്.ഇന്നത്തെ വോട്ടെടുപ്പ് പൂർത്തിയാകുന്നതോടെ ബംഗാളിൽ 180 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പൂർണമാകും. എട്ടുഘട്ടമായാണ് ബംഗാളിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 22, 26,29 തീയതികളിളാണ് അടുത്ത ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ആകെ 294 അംഗങ്ങളാണ് ബംഗാൾ നിയമസഭയിലുളളത്.

Comments (0)
Add Comment