വിവാദങ്ങള്‍ക്ക് പിന്നാലെ ബെഹ്റ അവധിയില്‍; ഭാര്യയുടെ ചികിത്സാർത്ഥമെന്ന് വിശദീകരണം

Jaihind Webdesk
Thursday, September 30, 2021

കൊച്ചി : പുരാവസ്തു വില്‍പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയ  മോണ്‍സണ്‍ മാവുങ്കലുമായുള്ള അടുപ്പത്തിന്‍റെ പേരില്‍ വിവാദത്തിലായ മുന്‍ പോലീസ് മേധാവിയും കൊച്ചി മെട്രോ എം.ഡിയുമായ ലോക്‌നാഥ് ബെഹ്‌റ അവധിയില്‍. ഭാര്യയുടെ ചികിത്സാർത്ഥമാണ് അവധിയിൽ പ്രവേശിച്ചതെന്നാണ് വിശദീകരണം. മൂന്ന് ദിവസമായി അദ്ദേഹം ഓഫീസില്‍ വരുന്നില്ലെന്നും അവധിയിലാണെന്നും ബെഹ്റയുടെ ഓഫീസ് അറിയിച്ചു. പുരാവസ്തു തട്ടിപ്പുകാരനുമായി ബന്ധപ്പെട്ട് വാർത്തകളില്‍ ഇടംപിടിച്ചതിന് പിന്നാലെയാണ് ബെഹ്റയുടെ അവധിയെന്നതാണ് ശ്രദ്ധേയം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബെഹ്റ അവസാനമായി മെട്രോയുടെ ഓഫീസിലെത്തിയത്. ബെഹ്റയും എഡിജിപി മനോജ് ഏബ്രഹാമും മോണ്‍സന്‍റെ വീട്ടില്‍ ഇരിക്കുന്ന ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. അന്ന് ഡിജിപിയായിരുന്ന ബെഹ്റയുടെ നിർദേശപ്രകാരമായിരുന്നു സുരക്ഷയുടെ ഭാഗമായി പൊലീസ് ബീറ്റ് ബോക്സ് സ്ഥാപിച്ചത്. മോന്‍സന്‍റെ കൊച്ചി കലൂരിലേയും ചേര്‍ത്തലയിലേയും വീട്ടില്‍ പൊലീസ് ബീറ്റ് ബോക്‌സ് സ്ഥാപിച്ചിരുന്നു. ഏതെങ്കിലും പ്രദേശത്തെ സുരക്ഷ ദിവസവും വിലയിരുത്തിയ ശേഷം രജിസ്റ്ററില്‍ രേഖപ്പെടുത്തുന്നതിനാണ് പൊലീസ് ബീറ്റ് ബോക്‌സുകള്‍ വെക്കാറുള്ളത്. സാധാരണയായി ധനകാര്യ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, പ്രധാന കവലകള്‍ എന്നിവിടങ്ങളിലാണ് ബീറ്റ് ബുക്ക് വെക്കാറുള്ളത്. വ്യക്തികളുടെ വീടുകള്‍ക്കുമുന്നില്‍ വെക്കാറില്ല. തട്ടിപ്പില്‍ മോണ്‍സണ്‍ പിടിയിലായതിന് പിന്നാലെ ഈ ബീറ്റ് ബോക്‌സുകള്‍ പോലീസ് എടുത്തുമാറ്റുകയായിരുന്നു.