‘തന്നെ അതിക്രൂരമായി മര്‍ദ്ദിച്ചു’; ഭര്‍ത്താവിനെതിരെ വീണ്ടും പരാതി നല്‍കി പന്തീരാങ്കാവ് പീഡനക്കേസിലെ യുവതി, രാഹുൽ പോലീസ് കസ്റ്റഡിയിൽ

 

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയ്ക്ക് വീണ്ടും  ഭര്‍ത്താവിന്‍റെ മർദനം. പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലിന്‍റെ ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശി നീമയെ (26) ആണ് ഭർതൃവീട്ടിൽനിന്നു പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. യുവതിയെ ആശുപത്രിയിലാക്കി കടന്നുകളഞ്ഞ ഭര്‍ത്താവ് രാഹുലിനെ പാലാഴിയില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ഭർത്താവിന്‍റെ വീട്ടിൽനിന്നു രാത്രിയാണ് നീമയെ ആംബുലൻസിൽ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. തുടർന്നു പന്തീരാങ്കാവ് ഇൻസ്പെക്ടറും വനിത എഎസ്ഐയും രാത്രി ആശുപത്രിയിൽ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു.

മർദനമേറ്റ സംഭവത്തിൽ ഭർത്താവിനെതിരെ ആദ്യം പരാതി നല്‍കിയിലെങ്കിലും പിന്നീട്  യുവതി  പന്തീരാങ്കാവ് പോലീസില്‍  പരാതി നൽകി. രാഹുൽ മർദിച്ചുവെന്ന് യുവതി പോലീസിനോട്‌ പറഞ്ഞു. നിലവിൽ രാഹുൽ പോലീസ് കസ്റ്റഡിയിലാണ്. അതേസമയം, മദ്യപിച്ചു ബഹളം ഉണ്ടാക്കിയ കേസിലാണ് രാഹുലിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്നലെ പുലർച്ചെ പാലാഴി ഭാഗത്ത് പ്രശ്നം ഉണ്ടാക്കിയെന്ന് പോലീസ് പറഞ്ഞു.

എറണാകുളത്തുനിന്നു മാതാപിതാക്കൾ എത്തിയാൽ നാട്ടിലേക്കു തിരിച്ചുപോകാൻ സൗകര്യം നൽകണമെന്നു യുവതി ആവശ്യപ്പെട്ടതായി പോലീസ് പറഞ്ഞു. നേരത്തേ യുവതിയുടെ പരാതിയിൽ ഭർത്താവ് ഉൾപ്പെടെ 5 പേർക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തിൽ പോലീസ് നടപടിയിൽ വീഴ്ച ഉണ്ടായെന്ന വിമർശനത്തിലും വനിതാ കമ്മിഷൻ ഇടപെടലിലും പന്തീരാങ്കാവ് പോലീസ് ഇൻസ്പെക്ടർ ഉൾപ്പെടെ രണ്ട് പോലീസുകാരെ ഐജി സസ്പെൻഡ് ചെയ്തിരുന്നു. പിന്നീട് ഭർത്താവ് ഒഴികെ നാലു പേരെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു. ഒരുമിച്ചു ജീവിക്കാൻ ഇരുവരും ഹൈക്കോടതിയിൽ നൽകിയ ഒത്തുതീർപ്പ് ഹർജിയിൽ കഴിഞ്ഞ രണ്ടുമാസം മുൻപാണ് കേസ് കോടതി റദ്ദാക്കിയത്.

കേസിലെ പ്രതിയായിരുന്ന രാഹുൽ ​ഗോപാൽ, താനും ഭാര്യയും തമ്മിലുള്ള പ്രശ്നങ്ങൾ പറഞ്ഞു തീർത്തു അതിനാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകുകയായിരുന്നു. ഭർത്താവ് തന്നെ ഉപദ്രവിച്ചിട്ടില്ലെന്ന് ഭാര്യയും കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. അഭിപ്രായ വ്യത്യാസങ്ങളും തെറ്റിദ്ധാരണകളും മാത്രമാണ് ഉണ്ടായിരുന്നത്. അതിന്‍റെ അടിസ്ഥാനത്തിലാണ് പരാതിയുമായി രം​ഗത്ത് വന്നത്. അതുകൊണ്ട് തന്നെ ഭർത്താവിനെതിരായ കേസ് പിൻവലിക്കണം. ഭർത്താവിനൊപ്പം ജീവിക്കാനാണ് താത്പര്യം എന്നും അറിയിച്ചിരുന്നു. ഇത് പരി​ഗണിച്ചാണ് കോടതി രാഹുൽ ​ഗോപാലിനെതിരായ എഫ്ഐആർ റദ്ദാക്കിയത്.

Comments (0)
Add Comment