ആദ്യം പ്രശംസിച്ച ബിബിസിയും കൊവിഡ് പ്രതിരോധത്തില്‍ സർക്കാരിനെ തള്ളി ; കേരളം മരണങ്ങൾ കുറച്ചു കാണിക്കുന്നെന്ന് റിപ്പോർട്ട്

Jaihind News Bureau
Saturday, November 21, 2020

 

തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് മരണങ്ങൾ കുറച്ചു കാണിക്കുന്നെന്ന ആരോപണം  ശരിവെച്ച് ബിബിസി റിപ്പോർട്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കാതെ കൊവിഡ് മരണ കണക്കിൽ വീഴ്ച വരുത്തിയതായും ബിബിസി  വാർത്തയില്‍ വിമർശനം. കൊവിഡ് മരണങ്ങൾ കുറച്ച് കാണിക്കുന്നതിൽ വീഴ്ച പറ്റിയെന്ന ആരോപണം ശരിവെച്ച് മുൻ ആരോഗ്യ വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനും രംഗത്തെത്തി.

നേരത്തെ കൊവിഡ് പ്രതിരോധത്തില്‍ സംസ്ഥാന സർക്കാരിനെയും ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറേയും പ്രശംസിച്ച വാർത്തകള്‍ നല്‍കിയ ബിബിസി തന്നെയാണ് കേരളത്തിന്‍റെ കൊവിഡ് പ്രതിരോധത്തെക്കുറിച്ചും സർക്കാർ മരണസംഖ്യ കുറച്ചുകാണിക്കുന്നെന്ന് വ്യക്തമാക്കി പുതിയ റിപ്പോർട്ടുമായി രംഗത്തെത്തിയത്.

ഡബ്ല്യുഎച്ച്ഒ നിർദ്ദേശങ്ങളനുസരിച്ച് ഒന്നാമത്തെയോ രണ്ടാമത്തെയോ മരണകാരണം കൊവിഡ് ആണെങ്കിൽ കൊവിഡ് മരണം ആയി കണക്കാക്കണം എന്നാണ്. എന്നാൽ ഇതിന് വിരുദ്ധമാണ് സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾ എന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾക്ക് കൃത്യമായി മറുപടി നൽകാതെ മുഖ്യമന്ത്രി പലപ്പോഴും ഒഴിഞ്ഞു മാറുകയും ചെയ്തു. ഈ ആരോപണങ്ങൾ ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ ബിബിസിയിലെ വിമർശനവും.

സംസ്ഥാനത്ത്  ഒരു കൂട്ടം സ്വതന്ത്ര ആരോഗ്യപ്രവർത്തകർ മാധ്യമവാർത്തകളെ മാത്രം അടിസ്ഥാനപ്പെടുത്തി എടുത്ത  കണക്കുകളിൽ നിന്ന് മരണസംഖ്യ മൂവായിരം കവിഞ്ഞതായി വ്യക്തമാണ്. കഴിഞ്ഞ വ്യായാഴ്ച രാത്രി 3356 കേസുകൾ ഇവർ രേഖപ്പെടുത്തുമ്പോൾ ഔദ്യോഗിക കണക്ക് പ്രകാരം 1956 പേർ മാത്രമാണ് കൊവിഡ് മൂലം മരണപ്പെട്ടത്. കുറഞ്ഞത് 30 % മരണമെങ്കിലും ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന് പേര് വെളിപ്പെടുത്താത്ത സർക്കാർ ഉദ്യോഗസ്ഥൻ സമ്മതിച്ചതായും പറയുന്നു.

കൊവിഡിനെ പ്രതിരോധിക്കുന്നതിൽ പിണറായി സർക്കാർ വലിയ തോതിൽ വിജയിച്ചുവെന്ന് വരുത്തി തീർക്കാനായി മനപൂർവം മരണ നിരക്ക് കുറച്ചു കാണിച്ചതായി സംശയിക്കുന്നു എന്നാണ് ലേഖനത്തിൽ കൃത്യമായി പറയുന്നത് .അതേസമയം, ഏറേ ഗൗരവകരം സർക്കാരിന് ഏറെ പ്രിയപ്പെട്ട ആരോഗ്യ വകുപ്പ് മുൻ സെക്രട്ടറി രാജിവ് സദാനന്ദന്‍റെ കുറ്റസമ്മതമാണ്. ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നവർ കൊവിഡ് ബാധിച്ച് മരിക്കുമ്പോൾ അത് സർക്കാർ കണക്കിൽ ഉൾപ്പെടുത്തുന്നില്ലെന്ന് രാജീവ് സദാനന്ദൻ വ്യക്തമാക്കിയതായും ലേഖനത്തിൽ പറയുന്നു. പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിവെക്കുന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ബിബിസിയിലൂടെ പുറത്തുവന്നതോടെ അന്താരാഷ്ട്രതലത്തിൽ സർക്കാർ ഉന്നയിച്ച വാദങ്ങളെല്ലാം പൊള്ളയാണെന്ന് ഇതോടെ തെളിയിക്കപ്പെടുകയാണ്.