പൂക്കോട്ടൂർ യുദ്ധത്തിന്‍റെ ജ്വലിക്കുന്ന ഓർമകള്‍ നൂറാം വയസ്സിലേക്ക്

Jaihind News Bureau
Wednesday, August 26, 2020

അധിനിവേശ വിരുദ്ധ പോരാട്ടത്തിന്‍റെ ജ്വലിക്കുന്ന ഓർമകളിൽ പൂക്കോട്ടൂർ യുദ്ധം നൂറാം വയസ്സിലേക്ക് കടക്കുന്നു. 1921 ആഗസ്റ്റ് 26ന് വെള്ളിയാഴ്ചയാണ് പൂക്കോട്ടൂർ യുദ്ധം നടന്നത്.കരുത്തരായ ബ്രിട്ടീഷ് സൈന്യത്തോട് കൈയിൽ കിട്ടിയ ആയുധങ്ങളുമായി മാപ്പിള പോരാളികൾ ഏറ്റുമുട്ടിയ തുല്യതയില്ലാത്ത സമരചരിത്രമാണ് പൂക്കോട്ടൂർ യുദ്ധത്തിന് പറയാനുള്ളത്.

1921ഓഗസ്റ്റ് 26ന് നടന്ന പോരാട്ടമാണ് പൂക്കോട്ടൂർ യുദ്ധം. ബ്രിട്ടീഷ് അധിനിവേശ ശക്തികൾ തന്നെ യുദ്ധമെന്ന് വിശേഷിപ്പിച്ച അപൂർവങ്ങളിൽ ഒന്ന്. സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമായി ഉത്തരേന്ത്യയിൽ അലി സഹോദരങ്ങൾ ഉയർത്തിയ ഖിലാഫത് പ്രസ്ഥാനം മലബാറിൽ ആലി മുസ്ലിയാരും മലപ്പുറം കുഞ്ഞി തങ്ങളും, വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജിയും ഏറ്റുപിടിച്ചു. നിലമ്പൂർ കോവിലകം കേന്ത്രീകരിച്ചുള്ള ജന്മിത്വവും, ബ്രിട്ടീഷ് രാജും, ജന്മി കുടിയാൻ തർക്കങ്ങൾക്കിടെ ദേശീയ പ്രക്ഷോഭത്തിന്‍റെ വഴിയിലേക്ക് ജനതയെ നയിച്ചു.ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പൂക്കോട്ടൂരിലെ സെക്രട്ടറിയായിരുന്ന വടക്കുവീട്ടിൽ മുഹമ്മദായിരുന്നു യുദ്ധത്തിന് നേതൃത്വം നൽകിയത്.

1921 ഓഗസ്റ്റ് 20ന് കണ്ണൂരിൽ നിന്ന് തിരൂരങ്ങാടിയിലേക്ക് ബ്രിട്ടീഷ് പട്ടാളം എത്തുന്നതറിഞ്ഞ്, മാപ്പിളമാർ,അവരെ ഗറില്ല യുദ്ധമുറയിൽ നേരിടാൻ തീരുമാനിക്കുകയായിരുന്നു. ആയുധശേഷിയിൽ ഏറെ മുന്നിലുണ്ടായിരുന്ന ബ്രിട്ടീഷ് പട്ടാളം അഞ്ചുമണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ പിൻവാങ്ങി. സ്‌പെഷ്യൽ പൊലീസ് സൂപ്രണ്ട് ആയിരുന്ന ലങ്കാസ്റ്റർ അടക്കം പത്തോളം ബ്രിട്ടീഷ് സൈനികരും, നാന്നൂറിലേറെ മാപ്പിളമാരുമാണ് മരിച്ചു വീണത്. പോരാളികളെ അന്തമാനിലേക്കും ബെല്ലാരിയിലേക്കും നാടുകടത്തി.ബാക്കിയുള്ളവരെ കൊന്നു. കോൺഗ്രസ് ഖിലാഫത് നേതാക്കളായ അബ്ദു റഹ്മാൻ സാഹിബ്, എപി നാരായണ മേനോൻ, ഇ മൊയ്ദു മൗലവി, ഗോപാലമേനോൻ എന്നിവരുടെ പങ്ക് യുദ്ധത്തിലേക്ക് നയിച്ചതിൽ നിർണായകമായിരുന്നു.

യുദ്ധത്തിൽ മരിച്ചവരുടെ കബറിടങ്ങൾ കോഴിക്കോട് പാലക്കാട് ദേശീയ പാതയോരത്ത് പിലാക്കലിൽ ചിതറി കിടക്കുകയാണ്.