സംസ്ഥാനത്ത് ബാറുകൾ ഇന്നുമുതൽ പ്രവർത്തിക്കും ; മദ്യം ലഭിക്കില്ല

Jaihind Webdesk
Monday, June 28, 2021

തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കും. ബിയറും വൈനും മാത്രം വില്‍ക്കാനാണ് ബാറുടമകളുടെ തീരുമാനം.  ബെവ്കോ വെയർ ഹൗസ് മാർജിൻ വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് ബാറുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു.

ബെവ്കോ നിരക്കിൽ തന്നെ ബാറുകളിൽ നിന്ന് മദ്യം പാഴ്സൽ നൽകുന്നത് നഷ്ടമാണെന്നും എം.ആർ.പി നിരക്ക് വർധിപ്പിക്കണമെന്നും നേരത്തെ ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ തീരുമാനമാകുന്നത് വരെ ബാറുകളിൽ മദ്യ വിൽപന നടത്തേണ്ടെന്നായിരുന്നു അസോസിയേഷൻ തീരുമാനം.

ബെവ്കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്പോൾ ഈടാക്കുന്ന വെയര്‍ഹൌസ് മാര്‍ജിന്‍ വർധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവിൽപ്പനയില്‍ പ്രതിസന്ധിയുണ്ടാകുന്നത്. കണ്‍സ്യൂമര്‍ ഫെഡിന്‍റേത് എട്ടില്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് മാര്‍ജിന്‍ ഉയർത്തിയത്. വെയര്‍ഹൌസ് മാര്‍ജിന്‍ വര്‍ധിപ്പിക്കുമ്പോഴും എം.ആര്‍.പി നിരക്കില്‍ നിന്ന് വിലകൂട്ടി വില്‍ക്കാന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്.