ലോക്ഡൗണിനിടെ സംസ്ഥാനത്ത് ആറ് പുതിയ ബാറുകള്‍ക്ക് സര്‍ക്കാര്‍ അനുമതി

Jaihind News Bureau
Tuesday, April 21, 2020

തിരുവനന്തപുരം:  ലോക്ഡൗണ്‍ കാലത്തും സംസ്ഥാനത്ത് ആറ് പുതിയ ബാറുകള്‍ക്ക് കൂടി അനുമതി നല്‍കി സര്‍ക്കാര്‍.  വയനാട്-2,  മലപ്പുറം-2,  കണ്ണൂര്‍- 1, തൃശൂര്‍- 1  എന്നിങ്ങനെയാണ് ബാറുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. പുതുതായി അനുവദിച്ച ബാറുകള്‍ ലോക്ക് ഡൗണ്‍ വിലക്കിന് ശേഷം തുറന്ന് പ്രവര്‍ത്തിക്കും. ത്രീ സ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കാമെന്ന ഇടത് മുന്നണിയുടെ നയപരമായ നിലപാടിന്റെ തുടര്‍ച്ചയായിട്ടാണ് ബാറുകള്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനമായത്

അതേസമയം മാര്‍ച്ച് 13ന് നിയമസഭാസമ്മേളനം കഴിഞ്ഞതിനുശേഷമാണ് ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. ത്രീസ്റ്റാര്‍ ബാറുകള്‍ക്ക് അനുമതി നല്‍കുന്നതില്‍ തടസമില്ലെന്നും സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗമായാണ് ലൈന്‍സ് നല്‍കിയതെന്നുമാണ് വിശദീകരണം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അടക്കേണ്ട ലൈസന്‍സ് ഫീസ് കാലാവധി ഏപ്രില്‍ 30 വരെ നീട്ടിയിരുന്നു. നേരത്തെ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചാണ് അനുമതി നല്‍കിയിട്ടുള്ളതെന്നും കൊവിഡ് കാലത്ത് ബാര്‍ ലൈസന്‍സ് അപേക്ഷകളൊന്നും പരിഗണിച്ചിട്ടില്ലെന്നും എക്‌സൈസ് വകുപ്പ് പറയുന്നു.

മദ്യത്തില്‍ നിന്നുള്ള സര്‍ക്കാരിന്റെ വരുമാനം കോവിഡ് കാലത്തും കുറയാതിരിക്കാന്‍ ബാറുകളും ബെവ്‌റേജ്‌സ് ഔട്ടലെറ്റുകളും അടക്കുന്നത് പരമാവധി നീട്ടിവെക്കാന്‍ ശ്രമിച്ച ശേഷമാണ് ഇപ്പോള്‍ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്കിയ വാര്‍ത്തകള്‍ കൂടി പുറത്ത് വരുന്നത്.  ജനസംഖ്യ കുറവുള്ള വയനാട്ടില്‍ നിലവില്‍ ഉള്ള 6 ബാറുകള്‍ക്ക് പുറമേ പുതിയ 2 ബാറുകല്‍ കൂടി അനുവദിക്കുന്നത് ജനങ്ങളുടെ ആരോഗ്യത്തെയും സാമൂഹിക സുരക്ഷയെയുക്കാള്‍ വരുമാനത്തിന് പ്രാധാന്യം നല്‍കുന്നത് കൊണ്ടാണ് എന്ന ആക്ഷേപം ഉയരുന്നുമുണ്ട്.

ലോക്ക് ഡൗണില്‍ ബാറുകള്‍ അടച്ചിട്ടാല്‍ വലിയ പ്രശ്നങ്ങളുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി ഓണ്‍ലൈന്‍ വഴി മദ്യ വില്‍പ്പനക്ക് ശ്രമിച്ചത് പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് പിന്‍വലിച്ചത്. മദ്യാസ്‌ക്തി ഉള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യ നല്‍കാനുള്ള നീക്കം ഹൈക്കോടതി ആണ് സ്റ്റേ ചെയ്തത്. ലോക്ക ഡൗണ്‍ കാലത്ത് മദ്യം ലഭിക്കതായാല്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന സര്‍ക്കാര്‍ വാദങ്ങളും പൊളിഞ്ഞു. കൊവിഡ് പ്രതിരോധത്തിനുവേണ്ടി നിയമസഭ നിര്‍ത്തിവെച്ച ശേഷമാണ് ബാറുകള്‍ക്ക് അനുമതി നല്‍കിയതെന്നത് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.