ബാർ കോഴ വിവാദം; അനിമോന്‍റെ മൊഴി രേഖപ്പെടുത്തി

 

തിരുവനന്തപുരം: ബാർകോഴ കേസിൽ ബാർ ഉടമകളുടെ സംഘടന നേതാവ് അനിമോനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി. കോട്ടയം കുറവിലങ്ങാട്ടെ അനിമോന്‍റെ ഉടമസ്ഥതയിലുള്ള ബാറിൽ എത്തിയാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്. രാവിലെ 11 മണിമുതൽ ആരംഭിച്ച ചോദ്യം ചെയ്യൽ അഞ്ച് മണിക്കൂർ നീണ്ടു നിന്നു. തിരുവനന്തപുരത്തുനിന്നുള്ള ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ ചോദ്യം ചെയ്തത്. മന്ത്രി എം.ബി. രാജേഷിന്‍റെ പരാതിയിലാണ് ചോദ്യം ചെയ്തത്. അനിമോനെ കൂടാതെ വിവാദ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളായ ഇടുക്കിയിൽ നിന്നുള്ള ബാർ ഉടമകളിൽ നിന്നും ഇന്ന് മൊഴിയെടുക്കും.

കെട്ടിടം വാങ്ങാൻ 50 ലക്ഷം പിരിക്കാൻ സംസ്ഥാന പ്രസിഡന്‍റ് സമ്മർദ്ദം ചെലുത്തിയെന്ന് അനിമോൻ പറഞ്ഞു. പിരിവ് നടക്കാത്തതിനാൽ തന്നെ വിമര്‍ശിച്ചെന്നും ആ സമ്മർദ്ദത്തിലാണ് ശബ്ദരേഖ ഗ്രൂപ്പിലിട്ടതെന്നും അനിമോൻ മൊഴിയില്‍ പറയുന്നു. അന്ന് താൻ എന്താണ് പറഞ്ഞതെന്ന് ഇപ്പോൾ ഓർമ്മയില്ല, 45 പേരുള്ള ഗ്രൂപ്പിലാണ് ശബ്ദരേഖയിട്ടത്. ഗ്രൂപ്പിൽ പലർക്കും പണം നൽകാൻ താൽപര്യമുണ്ടായിരുന്നില്ല. അങ്ങനെയാകാം ഓഡിയോ പുറത്ത് പോയതെന്നും അനിമോൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബിനുകുമാറാണ് മൊഴി രേഖപ്പെടുത്തുന്നത്.

Comments (0)
Add Comment