‘ബാർ കോഴ മന്ത്രിമാരും ഉദ്യോഗസ്ഥരും ബാർ ഉടമകളും ചേർന്നുള്ള ഗൂഢാലോചന’: സഭയില്‍ വിചാരണ ചെയ്ത് പ്രതിപക്ഷം

 

തിരുവനന്തപുരം: മന്ത്രിമാരും ഉദ്യോഗസ്ഥരും ബാർ ഉടമകളും ചേർന്നുള്ള ഗൂഢാലോചനയാണ് ബാർ കോഴയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. അഴിമതി നിരോധന നിയമപ്രകാരം ഇക്കാര്യത്തിൽ അന്വേഷണം നടത്തിയേ മതിയാകൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഒപ്പം എല്ലാ വിഷയങ്ങളെ സംബന്ധിച്ചും ജുഡീഷ്യൽ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയത്തിലൂടെയും നടുത്തളത്തിൽ ഇറങ്ങിയുള്ള പ്രതിഷേധത്തിലൂടെയും ബാർ കോഴയിൽ എക്സൈസ്, ടൂറിസം വകുപ്പുകളെ പ്രതിപക്ഷം സഭയിൽ വിചാരണ ചെയ്തു.

മദ്യനയത്തിന് കോഴ നൽകുന്നതിന് വ്യക്തമായ സൂചന നൽകുന്ന ശബ്ദ സന്ദേശത്തിലെ വാചകങ്ങൾ എടുത്തു കാട്ടിയാണ് അടിയന്തര പ്രമേയം കൊണ്ടുവന്ന റോജി എം. ജോൺ സഭയിൽ ഭരണപക്ഷത്തെ കടന്നാക്രമിച്ചത്. ബാറുടമകൾ പണപ്പിരിവ് നടത്തിയത് ആർക്കുവേണ്ടിയാണെന്ന് വ്യക്തമാണെന്നദ്ദേഹം പറഞ്ഞു. ഡ്രൈ ഡേ ഉപേക്ഷിക്കാം എന്ന ഉറപ്പു ലഭിച്ചതോടെയാണ് ബാർ ഉടമകൾ പണപ്പിരിവ് ആരംഭിച്ചതെന്നും മദ്യനയം അനുകൂലമാക്കുന്നതിന് പണപ്പിരിപ്പ് നടത്തുന്നതിനു വേണ്ടിയാണ് ബാറുടമകൾ യോഗം ചേർന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ബാർ കോഴയിൽ തങ്ങൾ നൽകിയിരിക്കുന്ന പരാതിയിൽ അഴിമതി നിരോധന നിയമം പ്രകാരം അന്വേഷണം നടത്തിയേ മതിയാകൂ എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു

പ്രതിപക്ഷം ശക്തമായ വാദമുഖങ്ങളുമായി കടന്നാക്രമിച്ചതോടെ മുഖ്യമന്ത്രിയും മന്ത്രിമാരായ മുഹമ്മദ് റിയാസും എം.ബി. രാജേഷും മാറിമാറി പ്രതിരോധത്തിന് ഇറങ്ങി. ഭരണപക്ഷത്തിന്‍റെ ദുർബല വാദങ്ങളെ തള്ളി ഇതോടെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി പ്രതിപക്ഷം പ്രതിഷേധം തുടർന്നു. ഇതോടെ സഭാനടപടികൾ വേഗത്തിലാക്കി സ്പീക്കർ നിയമസഭാ സമ്മേളനം ഇന്നത്തേക്ക് പിരിഞ്ഞതായി പ്രഖ്യാപിച്ചു. പ്രതിഷേധപ്രകടനമായി സഭ വിട്ടിറങ്ങിയ പ്രതിപക്ഷ നേതാക്കൾ പിന്നീട് സഭയ്ക്ക് പുറത്ത് സർക്കാരിനെതിരെ ആഞ്ഞടിച്ചു. സഭയ്ക്കകത്തും പുറത്തും ബാർ കോഴ വിവാദത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്.

Comments (0)
Add Comment