തിരുവനന്തപുരം: മലക്കം മറിഞ്ഞും ഉരുണ്ടു കളിച്ചും സർക്കാരിനെ സംരക്ഷിക്കാൻ പെടാപ്പാടുപെട്ട് ബാറുടമകളുടെ സംഘം നേതാവ് അനിമോൻ. ബാർ കോഴയിലേക്ക് വിരൽ ചൂണ്ടുന്ന അനിമോന്‍റെ ശബ്ദ സന്ദേശം വിവാദമായതോടെയാണ് ഇയാളുടെ മലക്കം മറിച്ചിൽ. പണപ്പിരിവ് സംഘടനയ്ക്ക് കെട്ടിടം വാങ്ങാനെന്ന് വാട്സ് ആപ്പ് സന്ദേശത്തിലൂടെ വിശദീകരിച്ചാണ് അനിമോൻ ഉരുണ്ടുകളിക്കുന്നത്. ബാർ ഉടമകളുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റിന്‍റെ വാദം ആവർത്തിക്കുന്നതാണ് അനിമോന്‍റെ വിശദീകരണം. പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ലെന്നും പുതിയ മദ്യനയത്തിൽ ഡ്രൈ ഡേ എടുത്തു കളയുമെന്നും അത് ചെയ്ത് തരാൻ കൊടുക്കേണ്ടത് കൊടുക്കണ മെന്നുമായിരുന്നു അനിമോന്‍റെ ശബ്ദസന്ദേശം. ഇതിൽ നിന്നാണ് ഇയാൾ ഇപ്പോൾ മലക്കം മറഞ്ഞിരിക്കുന്നത്.
അനിമോന്‍ പറഞ്ഞത്:
“പണം കൊടുക്കാതെ ആരും നമ്മളെ സഹായിക്കില്ല. രണ്ടര ലക്ഷം രൂപവെച്ചു തരാന്‍ പറ്റുന്നവര്‍ തരുക. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പുതിയ മദ്യനയം വരും. അതില്‍ ഡ്രൈ ഡേ എടുത്തു കളയും. അതിനു കൊടുക്കേണ്ടതു കൊടുക്കണം. ഇടുക്കി ജില്ലയില്‍ നിന്ന് ഒരു ഹോട്ടല്‍ മാത്രമാണ് 2.5 ലക്ഷം നല്‍കിയത്. ചിലര്‍ വ്യക്തിപരമായി പണം നല്‍കിയിട്ടുണ്ട്”.