‘ഇപ്പോള്‍ എല്ലാം ശരിയാകുന്നുണ്ട്’; മദ്യനയത്തില്‍ മുഖ്യമന്ത്രിയുടെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ഓർമ്മിപ്പിച്ച് പ്രതിപക്ഷ നേതാവ്

 

തിരുവനന്തപുരം: ബാർ ലൈസന്‍സുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ 2016-ലെ ഫേസ്ബുക്ക് പോസ്റ്റ് ഓർമ്മിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പിണറായി വിജയന്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയോട് ചോദിച്ച ചോദ്യങ്ങളാണ് വി.ഡി. സതീശന്‍ വീണ്ടും പങ്കുവെച്ചത്. ഇപ്പോള്‍ പിണറായി സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും എക്സൈസ് മന്ത്രി മാത്രമല്ല, ടൂറിസം മന്ത്രിയും സംശയത്തിന്‍റെ നിഴലിലാണെന്നും പറഞ്ഞുകൊണ്ടാണ് വി.ഡി. സതീശന്‍ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പ്രതിപക്ഷ നേതാവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

2016 ൽ പിണറായി വിജയന്‍ ഫേസ്ബുക്കില്‍ പറഞ്ഞ കാര്യങ്ങളുടെ പ്രസക്ത ഭാഗങ്ങൾ മുഖ്യമന്ത്രിയെ ഒന്നുകൂടി ഓർമ്മിപ്പിക്കുന്നു.
————————————————
“കൂടുതല്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയ തീരുമാനം മദ്യ നിരോധനം സാധ്യമാക്കാനുള്ളതാണോ എന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണം.
ഇങ്ങനെ കൂടുതല്‍ കൂടുതല്‍ മദ്യ ശാലകള്‍ അനുവദിച്ചു കൊണ്ടാണോ ‘ഘട്ടം ഘട്ടമായി’ മദ്യ നിരോധനം നടപ്പാക്കുന്നത്?
യു ഡി എഫിന്‍റെ മദ്യ നയം തട്ടിപ്പാണ്. അത് വോട്ടു നേടാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണ്. ബാര്‍ കോഴയില്‍ കുടുങ്ങി ഒരു മന്ത്രിക്കു രാജിവെക്കേണ്ടി വന്ന കാപട്യമാണ്, മദ്യ നയം എന്ന പേരില്‍ യു ഡി എഫ് അവതരിപ്പിക്കുന്നത്. മദ്യം എന്ന വിപത്തിനെ ചെറുക്കാനും ജനങ്ങളെ മദ്യത്തിന്റെ പിടിയില്‍ നിന്ന് മോചിപ്പിക്കാനും ഉള്ള നിശ്ചയ ദാര്‍ഡ്യം ഇടതുപക്ഷത്തിനാണ് ഉള്ളത്. ”
————————————————
ഇപ്പോൾ എല്ലാം ശരിയാകുന്നുണ്ട്. ബാർ കോഴയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് ആവശ്യപ്പെടുന്നു. എക്സൈസ് മന്ത്രി എം.ബി രാജേഷ് മാത്രമല്ല ടൂറിസം മന്ത്രി മുഹമ്മദ് റിയാസും സംശയനിഴലിലാണ്.
#BarBribery #PinarayiVijayan #MBRajesh #PAMuhammadRiyas

 

Comments (0)
Add Comment