ബാര്‍ കോഴ കേസ് പുനരന്വേഷണത്തിന് അനുമതി ഇല്ല ; ഫയല്‍ ഗവര്‍ണര്‍ മടക്കി ; തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി

Jaihind News Bureau
Monday, January 4, 2021

 

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബാര്‍ കോഴ കേസ് പുനരന്വേഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. മുന്‍ മന്ത്രിമാരായ വി.എസ് ശിവകുമാറിനും കെ.ബാബുവിനും എതിരായ വിജിലന്‍സ് അന്വേഷണത്തിന് അനുമതി ആവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ ഫയല്‍ ഗവര്‍ണര്‍ മടക്കി.

മുന്‍മന്ത്രിമാരായ വി.എസ്. ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരേ പുനരന്വേഷണത്തിനാണ് അനുമതി തേടിയത്. എന്നാല്‍, അന്വേഷണത്തിന് ഉത്തരവിടാന്‍ സമയമായെന്നു കരുതുന്നില്ല (ടൂ പ്രിമച്വര്‍ ടു ഇഷ്യു ഓര്‍ഡര്‍) എന്ന് അദ്ദേഹം ഫയലില്‍ കുറിച്ചു. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ അന്നു കെ.പി.സി.സി. പ്രസിഡന്റായിരുന്ന രമേശ് ചെന്നിത്തല, മന്ത്രിമാരായിരുന്ന ശിവകുമാര്‍, ബാബു എന്നിവര്‍ക്ക് ഒരു കോടി രൂപ നല്‍കിയെന്നു ബാര്‍ ഉടമ ബിജു രമേശ് വെളിപ്പെടുത്തിയതോടെയാണു സര്‍ക്കാര്‍ പുനരന്വേഷണത്തിനു തുനിഞ്ഞത്.

മന്ത്രിമാരായിരിക്കെയുള്ള ആരോപണങ്ങളില്‍ അന്വേഷണം തുടങ്ങണമെങ്കില്‍ ഗവര്‍ണറുടെ മുന്‍കൂര്‍ അനുമതി വേണമെന്നാണു വിജിലന്‍സ് ചട്ടങ്ങളിലെ പുതിയ വ്യവസ്ഥ (17 എ വകുപ്പ്). ഇതനുസരിച്ച് അന്വേഷണത്തിന് അനുമതി തേടിയുള്ള ഫയല്‍ ഒരു മാസം മുമ്പാണ് ഗവര്‍ണര്‍ക്കു നല്‍കിയത്. രമേശ് ചെന്നിത്തലയ്ക്കെതിരേ അന്വേഷണത്തിനുള്ള ഫയല്‍ നിയമസഭാ സ്പീക്കര്‍ക്കു വിട്ടിരിക്കുകയാണ്.

പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്താതെ സമര്‍പ്പിച്ച ഫയലില്‍ ഗവര്‍ണര്‍ സംശയങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ അവധിയിലായിരുന്നതിനാല്‍ ഐ.ജി എച്ച്. വെങ്കിേടഷ് നേരിട്ടുകണ്ട് വിശദീകരണം നല്‍കിയെങ്കിലും അദ്ദേഹം തൃപ്തനല്ലെന്നാണു സൂചന. അന്വേഷണത്തിനു മുന്‍കൂര്‍ അനുമതി വേണ്ടതിനാലാണ് പരാതികള്‍ മാത്രമടങ്ങിയ ഫയല്‍ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചതെന്നും അനുമതി ലഭിക്കുന്ന മുറയ്ക്കു മാത്രമേ അന്വേഷണം ആരംഭിക്കാന്‍ കഴിയൂ എന്നുമാണ് ഇതിനു വിജിലന്‍സിന്റെ വിശദീകരണം.