‘ബാർ കോഴയില്‍ എക്സൈസ്, ടൂറിസം മന്ത്രിമാർക്ക് പങ്ക്, രാജി വെക്കണം’; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് എം.എം. ഹസന്‍

 

തിരുവനന്തപുരം: ബാർ കോഴയിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ രാജിവെച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് യുഡിഎഫ് കൺവീനർ എം.എം. ഹസൻ. ടൂറിസം മന്ത്രിയും എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് ബാർ ഉടമകൾക്ക് ഡ്രൈഡേ പിൻവലിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്ക് ഉറപ്പ് നൽകിയതെന്ന് എം.എം. ഹസൻ ആരോപിച്ചു. രണ്ട് മന്ത്രിമാർക്കും ബാർ കോഴയിൽ പങ്കുണ്ടെന്നും ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ യഥാർത്ഥ വസ്തുത പുറത്തു വരില്ലെന്നും ഹസൻ പറഞ്ഞു.

എക്സൈസ് മന്ത്രി എം.ബി. രാജേഷിനും ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും ബാർ കോഴയിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ബാർ അസോസിയേഷൻ പിരിവ് നടത്തില്ലെന്നും യുഡിഎഫ് കൺവീനർ അഭിപ്രായപ്പെട്ടു. ബാർ കോഴ ആരോപണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പര്യാപ്തമല്ല. ക്രൈം ബ്രാഞ്ച് അന്വേഷിച്ചാൽ യഥാർത്ഥ വസ്തുത പുറത്തുവരില്ല. എക്സൈസ് മന്ത്രി എം.ബി. രാജേഷ് നേരിട്ട് പരാതി നൽകിയത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ സഹായിക്കാനാണ്. കുറഞ്ഞ പക്ഷം ജുഡീഷ്യൽ അന്വേഷണമെങ്കിലും സർക്കാർ പ്രഖ്യാപിക്കണം. ബാർ കോഴയിൽ പങ്കുള്ള എക്സൈസ് മന്ത്രിയും ടൂറിസം മന്ത്രിയും രാജിവെച്ച് മാറിനിന്നുവേണം അന്വേഷണം നേരിടാനെന്നും ഹസൻ കൂട്ടിച്ചേർത്തു. യുഡിഎഫ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം.എം. ഹസൻ.

Comments (0)
Add Comment