ബാർ കോഴ വിവാദം; എം.ബി. രാജേഷിനെയും മുഹമ്മദ് റിയാസിനെയും മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണമെന്ന് കെ. മുരളീധരന്‍

 

കോഴിക്കോട് :  ബാർ കോഴ ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷിനേയും ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനേയും മന്ത്രിസഭയിൽ നിന്നും ഒഴിവാക്കണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. കോഴ ആരോപണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം. ഒരു വിട്ടുവീഴ്ചക്കും പ്രതിപക്ഷം തയാറെല്ലന്നും വിഷയത്തില്‍ സമരം ശക്തമാക്കുമെന്നും കെ. മുരളീധരൻ പറഞ്ഞു.

മദ്യനയം അനുകൂലമാക്കാൻ ബാർ ഉടമകൾ കോഴ നൽകണമെന്ന് ഇടുക്കി ജില്ലാ പ്രസിഡന്‍റും ബാർ ഉടമകളുടെ അസോസിയേഷൻ നേതാവുമായ അനിമോന്‍റെ ശബ്ദരേഖയാണ് പുറത്തുവന്നത്. സർക്കാരിന് പണം കൊടുക്കുന്ന കാര്യമാണ് അനിമോൻ പറഞ്ഞത്.വിവാദമായപ്പോള്‍ മലക്കം മറിഞ്ഞിട്ട് കാര്യമില്ല. ബാർ കോഴയിൽ പ്രതിപക്ഷം സഭയിലും പുറത്തും ശക്തമായ പ്രക്ഷോഭം നടത്തും. ആരോപണത്തിൽ നിന്നും രക്ഷപ്പെടാനാണ് മന്ത്രിമാർ വിദേശത്തേക്ക് പോയതെന്ന് കെ. മുരളീധരന്‍ പറഞ്ഞു. ആരാണ് ഇവരുടെ വിദേശ യാത്രക്ക് സ്പോൺസർ ചെയ്യുന്നതെന്നും ഇതും ബാർ കോഴയുമായി ബന്ധം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം ബാർ കോഴ വിവാദത്തിലെ ഗൂഢാലോചന പരാതി അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഇടുക്കിയിലെത്തും. അനിമോനിൽ നിന്ന് മൊഴിയെടുക്കാനുള്ള നീക്കം അന്വേഷണസംഘം തുടങ്ങിയിട്ടുണ്ട്. ക്രൈം ബ്രാഞ്ചിന് അനിമോൻ നൽകുന്ന മൊഴിയനുസരിച്ചായിരിക്കും തുടർനീക്കം. യോഗത്തിൽ പങ്കെടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തും. യോഗം നടന്ന ഹോട്ടലിൽ നിന്നുള്ള സിസി ടിവി ദൃശ്യങ്ങളും ശേഖരിക്കും. ഡ്രൈ ഡേ ഒഴിവാക്കാനും ബാർ സമയം കൂട്ടാനുമടക്കം ഒരു ബാർ ഹോട്ടലുടമ നൽകേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നാണ് ഇടുക്കി ജില്ലാ പ്രസിഡന്‍റ് അനിമോന്‍റെ ശബ്ദസന്ദേശത്തിലുണ്ടായിരുന്നത്.

 

 

Comments (0)
Add Comment