സർക്കാരിന്‍റെ വായ്പ മോറട്ടോറിയം പാഴ് വാക്കായി; കണ്ണൂർ അയ്യൻകുന്നിൽ ജില്ലാ സഹകരണ ബാങ്കിന്‍റെ ജപ്തി നടപടി

Jaihind Webdesk
Thursday, May 16, 2019

പ്രളയ ബാധിത മേഖലയിൽ ബാങ്ക് വായ്പകൾക്ക് മോറട്ടോറിയം പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ പ്രഖ്യാപനം പാഴ് വാക്കായി. പ്രളയബാധിത പ്രദേശമായി പ്രഖ്യാപിച്ച കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിൽ ബാങ്ക് വായ്പ എടുത്ത് തിരിച്ചടക്കാത്തതിന് ഒരു കുടുംബത്തിന്‍റെ ഭൂമി ജില്ലാ സഹകരണ ബാങ്ക് ജപ്തി ചെയ്തു. മുണ്ടയാം പറമ്പിലെ മടത്തിൽ പറമ്പിൽ ജയചന്ദ്രന്‍റെയും സരോജിനിയുടെയും ഭൂമിയാണ് ജില്ലാ ബാങ്ക് സെക്യൂരിറ്റൈസേഷൻ ആക്ട് പ്രകാരം കൈവശപ്പെടുത്തിയത്.

പ്രളയത്തെ തുടർന്ന് പ്രളയബാധിത പ്രദേശങ്ങളിലെ കർഷകർ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നെടുത്തിട്ടുള്ള എല്ലാ വിധ ബാങ്ക് വായ്പകൾക്കുമേലുള്ള ജപ്തി നടപടികൾക്ക് സംസ്ഥാന സർക്കാർ ഒരു വർഷത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന ബാങ്കേഴ്‌സ് മീറ്റിന് ശേഷമായിരുന്നു ഇത് സംബന്ധിച്ച പ്രഖ്യാപനം നടന്നത്. ആദ്യം കാർഷിക വായ്പകൾക്കായിരുന്നു മോറട്ടോറിയം പ്രഖ്യാപിച്ചതെങ്കിലും പിന്നീട് അത് വിവിധ ധനകാര്യ സ്ഥാപനങ്ങളിലെ എല്ലാ വിധ വായ്പകൾക്കും ബാധകമാക്കുകയായിരുന്നു. എന്നാൽ ഈ പ്രഖ്യാപനം കാറ്റിൽ പറത്തി കൊണ്ടാണ് കണ്ണൂർ അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാം പറമ്പിൽ ഒരു കുടുംബത്തിന്‍റെ ഭൂമി കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്നെടുത്ത വായ്പ തിരിച്ചടക്കാത്തതിന് ജപ്തി ചെയ്തിരിക്കുന്നത്. മടത്തിൽ പറമ്പിൽ സരോജിനിയുടെയും, മകൻ ജയചന്ദ്രൻ എം.കെയുടെയും ഭൂമിയാണ് ബാങ്ക് നിയമനടപടിയിലൂടെ പിടിച്ചെടുത്തത്. വീടും മുപ്പത് സെന്‍റ് ഭൂമിയും ഈടായി വെച്ച് കൊണ്ട് 2012 ലാണ് ഇരുവരുടെയും പേരിൽ കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ നിന്ന് രണ്ട് ലക്ഷം രൂപ വായ്പ എടുത്തത്. ആദ്യ ഘട്ടത്തിൽ ചെറിയ രീതിയിൽ തിരിച്ചടച്ചെങ്കിലും പിന്നിട് തിരിച്ചടവിന് പ്രയാസമായി മാറി. മുതലും പലിശയുമായി ചേർന്ന് മൂന്ന് ലക്ഷത്തി ആയിരത്തി അറന്നൂറ്റിനാൽപത്തി ഒൻപത് രൂപയായി വർധിച്ചു. ഇതിനിടെ സരോജിനി അമ്മ മരിച്ച് പോവുകയും ചെയ്തു.വീട് കാലപ്പഴക്കത്തെ തുടർന്ന് നിലംപ്പൊത്തിയതോടെ ജയചന്ദ്രൻ വാടക വീട്ടിലേക്ക് താമസം മാറി. ഇതിന് ഇടയിലാണ് കണ്ണൂർ ജില്ലാ സഹകരണ ബാങ്കിന്‍റെ ജപ്തി നടപടി.

ജില്ലാ സഹകരണ ബാങ്കിലെ വായ്പയുടെ പലിശയും തുകയും അടക്കുവാൻ ജയചന്ദ്രനും ബന്ധുക്കളും ജില്ലാ സഹകരണ ബാങ്ക് അധികൃതരോട് സാവകാശം ചോദിച്ചെങ്കിലും അത് അനുവദിച്ചില്ല.

കണ്ണൂർ ജില്ലാ സഹകരണ ബാങ്ക് ഭരണസമിതി എൽഡിഎഫ് സർക്കാർ പിരിച്ചുവിട്ടതിനെ തുടർന്ന് സഹകരണ വകുപ്പ് നിയമിച്ച അഡ്മിനിസ്‌ട്രേറ്റർ ഭരണത്തിലാണ് ബാങ്ക് ഇപ്പോഴുള്ളത്. സഹകരണ സംഘം ജോയിന്‍റ് രജിസ്ട്രാർക്കാണ് ഭരണ ചുമതല. സർക്കാർ നിയമിച്ച പ്രതിനിധിയുടെ മേൽനോട്ടത്തിലാണ് പ്രളയബാധിത പ്രദേശമായി സർക്കാർ പ്രഖ്യാപിച്ച അയ്യൻകുന്ന് കുന്ന് പഞ്ചായത്തിലെ ഒരു കുടുംബത്തിന്‍റെ ഭൂമി ജില്ലാ സഹകരണ ബാങ്ക് ജപ്തി ചെയ്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജില്ലാ സഹകരണ ബാങ്ക് ഭൂമി ജപ്തി ചെയ്തത്.പ്രശ്‌നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ഈ നിർധന കുടുംബം.