ധാക്ക: ബംഗ്ലാദേശില്‍ വിവിധ വിഷയങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തില്‍ 105 പേർ മരിച്ചതോടെ രാജ്യത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. 1971-ലെ ബംഗ്ലദേശ് വിമോചനസമരത്തിൽ രക്തസാക്ഷികളായവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലിയിൽ 30% സംവരണം ഏർപ്പെടുത്തണമെന്ന ഹൈക്കോടതി വിധിയെ തുടർന്നാണു രാജ്യത്ത് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവും പ്രക്ഷോഭത്തിന് ആക്കം കൂട്ടി.
പ്രക്ഷോഭം നിയന്ത്രിക്കാൻ സൈന്യത്തെ വിന്യസിച്ചതായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഓഫീസ് അറിയിച്ചു. സുരക്ഷാ സേനയും പ്രക്ഷോഭകാരികളും തമ്മിലുണ്ടായ എറ്റുമുട്ടലിൽ ഇതുവരെ 2500 ലധികം പേർക്കാണ് പരുക്കേറ്റത്. തലസ്ഥാന നഗരമായ ധാക്കയിൽ മാത്രം 52 പേർ മരിച്ചതായാണ് റിപ്പോർട്ട്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജി വെക്കണമെന്നാണ് പ്രക്ഷോഭകാരികളുടെ ആവശ്യം. ഇന്‍റർനെറ്റിന് ഉൾപ്പെടെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രക്ഷോഭത്തെ തുടർന്ന് സർവകലാശാലകൾ അടയ്ക്കുകയും ഹോസ്റ്റലുകളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കുകയും ചെയ്തതോടെ ഇന്ത്യൻ വിദ്യാർത്ഥികളും നാട്ടിലേക്ക് മടങ്ങിത്തുടങ്ങി. ഉത്തർപ്രദേശ്, ഹരിയാന, മേഘാലയ, ജമ്മു-കശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള മുന്നൂറോളം മെഡിക്കൽ വിദ്യാർത്ഥികള്‍ ഇതിനോടകം മടങ്ങിയെത്തിയിട്ടുണ്ട്. ബംഗ്ലാദേശില്‍ 15,000 ഓളം ഇന്ത്യക്കാരുള്ളതില്‍ 8,500 പേരും വിദ്യാർത്ഥികളാണ്. ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യ പ്രതികരിച്ചു.