ബംഗ്ലാദേശിലെ ജനകീയ പ്രക്ഷോഭം മോദി ഭരണകൂടത്തിനും പാഠം; ഏകാധിപത്യവും ഫാസിസവും ഒരിക്കലും വിജയിക്കില്ല: രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: ഏകാധിപത്യവും ഫാസിസവും ഒരിക്കലും വിജയിക്കില്ലെന്നും അതിനെതിരായി ഇന്ത്യന്‍ ജനത പ്രതികരിച്ചതിന് ഉദാഹരണമാണ് പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പ് ഫലമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. പി.ടി. തോമസ് സ്മരാക ഗ്രന്ഥശാല ആന്‍റ് ഗവേഷണ കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ കെപിസിസി ആസ്ഥാനത്ത് നടന്ന ക്വിറ്റ് ഇന്ത്യ അനുസ്മരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് എന്നും ഫാസിസത്തിനും ഏകാധിപത്യത്തിനും എതിരാണെന്നും ബംഗ്ലാദേശില്‍ നടന്ന ജനകീയ പ്രക്ഷോഭത്തില്‍ നിന്ന് ഇന്ത്യയിലെ മോദി ഫാസിസ് ഭരണകൂടം പാഠം ഉള്‍ക്കൊള്ളണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, പാകിസ്താന്‍ തുടങ്ങിയ അയല്‍രാജ്യങ്ങളില്‍ നടക്കുന്ന പ്രക്ഷോഭ പരമ്പരകള്‍ക്ക് പിന്നിലുള്ള വിദേശ ശക്തി ആരാണെന്നും അത് ഇന്ത്യക്ക് അഭികാമ്യമാണോയെന്ന് പരിശോധിക്കുന്നതിലും മോദി ഭരണകൂടം പരാജയപ്പെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. മോദിസര്‍ക്കാരിന്‍റെ വിദേശനയം സമ്പൂര്‍ണ്ണ പരാജയമാണെന്നും കോണ്‍ഗ്രസിന്‍റെ ഭരണകാലത്ത് ഇന്ത്യയുടേത് മികച്ച വിദേശ നയമായിരുന്നുവെന്നും അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

ക്വിറ്റ് ഇന്ത്യ സമരം ബ്രട്ടീഷ് ഫാസിസത്തിനെതിരായി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടന്ന ഉജ്ജ്വല പോരാട്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതിന്‍റെ സ്മരണ വരും തലമുറയ്ക്കും ആവേശമാണ്. ചരിത്രത്തെ തമസ്‌കരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം സ്മരണകള്‍ വീണ്ടും ഓര്‍മ്മപ്പെടുത്തേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. ക്വിറ്റ് ഇന്ത്യ സമരത്തെ പിന്തുണയ്ക്കാത്തതില്‍ രാജ്യത്തെ കമ്യൂണിസ്റ്റുകാര്‍ ഇന്ന് പശ്ചാത്തപിക്കുന്നു.  ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ കമ്യൂണിസ്റ്റുകാര്‍ അതിനെ തള്ളിപ്പറയുകയും കരിദിനമായി ആചരിക്കുകയും മഹാത്മാ ഗാന്ധിയെവരെ അധിക്ഷേപിക്കുകയും ചെയ്തു. പില്‍ക്കാലത്തുണ്ടായ കുറ്റബോധത്തില്‍ നിന്ന് അവര്‍ക്ക് മുന്‍ നിലപാട് തിരുത്തേണ്ടിവന്നിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറിയും പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് വൈസ് ചെയര്‍മാനുമായ പഴകുളം മധു സ്വാഗതവും പറഞ്ഞു. കെപിസിസി ജനറല്‍ സെക്രട്ടറി ജി. സുബോധന്‍, എം. വിന്‍സന്‍റ് എംഎല്‍എ, ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, കെ. മോഹന്‍കുമാര്‍, കുളത്തൂര്‍ ജി. മിത്രന്‍, ദളിത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എ.കെ. ശശി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ചരിത്രകാരന്‍മാരായ പ്രൊഫ.വി. കാര്‍ത്തികേയന്‍ നായര്‍, ഡോ.എന്‍. ഗോപകുമാര്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

Comments (0)
Add Comment