ബലാകോട്ട് നേരത്തെ അറിഞ്ഞിരുന്നു ; കേന്ദ്രത്തെ പ്രതിക്കൂട്ടിലാക്കി അർണബിന്‍റെ വാട്സ്ആപ്പ് ചാറ്റ് ; വിവാദം

 

ബലാകോട്ട് ആക്രമണം താന്‍ നേരത്തെ അറിഞ്ഞിരുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പബ്ലിക് ടി.വി എഡിറ്റർ ഇന്‍ ചീഫ് അർണബ് ഗോസ്വാമിയുടെ വാട്സ്ആപ്പ് ചാറ്റ് പുറത്ത്. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ പോലും അർണബ് അറിഞ്ഞിരുന്നു എന്നത് മോദി സര്‍ക്കാരിനെയും പ്രതിക്കൂട്ടില്‍ നിർത്തുന്നതായി മാറി. ബാർക് മുന്‍ സി.ഇ.ഒ ആയിരുന്ന പാർത്ഥോ ദാസ് ഗുപ്തയുമായി അർണബ് നടത്തിയ ചാറ്റിലാണ് ഞെട്ടിപ്പിക്കുന്ന നിരവധി വിവരങ്ങളുള്ളത്.

2019 ഫെബ്രുവരി 23 നാണ് ടെലിവിഷന്‍ റേറ്റിംഗ് നിശ്ചയിക്കുന്ന ബാർക്കിന്‍റെ മുന്‍ സി.ഇ.ഒ പാർത്ഥോ ദാസ് ഗുപ്തയുമായി ബലാകോട്ട് ആക്രമണത്തെക്കുറിച്ച് അർണബ് സംസാരിച്ചിരിക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം, ഫെബ്രുവരി 26 ന് പാകിസ്ഥാനിലെ ബലാകോട്ടിലെ ജെയ്ഷ് ഇ മുഹമ്മദ് പരിശീലനക്യാമ്പിന് നേരെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തി. 2019 ഫെബ്രുവരി 14ന് പാകിസ്ഥാന്‍ നടത്തിയ പുല്‍വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.  40 ഇന്ത്യന്‍ സൈനികർക്കാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായത്. ഇന്ത്യ പ്രത്യാക്രമണം നടത്താന്‍ പോകുന്നു എന്ന സൈനിക രഹസ്യം അർണബ് അറിഞ്ഞതെങ്ങനെ എന്നതാണ് വലിയ ചോദ്യമായി നിലനില്‍ക്കുന്നു.

 

 

ടെലിവിഷന്‍ റേറ്റിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ മുംബൈ പൊലീസ് സമർപ്പിച്ച 3400 പേജുകളുള്ള കുറ്റപത്രത്തിലാണ് അർണബ് പാർത്ഥോ ദാസ് ഗുപ്തയുമായി നടത്തിയ വാട്ട്സ് ആപ്പ് ചാറ്റിന്‍റെ വിവരങ്ങളുള്ളത്. 2019 ഫെബ്രുവരി 23 ന് അർണബ് ദാസ്ഗുപ്തയ്ക്ക് അയച്ച വാട്ട്സ് ആപ്പ് സന്ദേശത്തില്‍ ‘ ഉടന്‍ തന്നെ വലിയ ചില സംഭവവികാസങ്ങള്‍ ഉണ്ടാകും’ എന്ന് പറയുന്നു.

 

 

അധോലോകനേതാവ് ദാവൂദിനെക്കുറിച്ചാണോ എന്ന ദാസ്ഗുപ്തയുടെ ചോദ്യത്തിന് ‘അല്ല സർ പാകിസ്ഥാന്‍, ചില വലിയ സംഭവങ്ങള്‍ നടക്കും’ എന്ന് അർണബ് മറുപടി പറയുന്നു. ഒരു നോർമല്‍ സ്ട്രൈക്കിനെക്കാളും വലുതായിരിക്കുമെന്നും അതേസമയം തന്നെ കശ്മീരിലും ചിലതൊക്കെ സംഭവിക്കുമെന്നും അർണബ് തുടർന്ന് പറയുന്നു.

ബലാക്കോട്ട് ആക്രമണത്തിന് പിറ്റേദിവസം ‘ഇതുതന്നെയല്ലേ താങ്കള്‍ സൂചിപ്പിച്ച വലിയ സംഭവം ?’ എന്ന ചോദ്യത്തിന് ‘ഇനിയും ചിലത് വരാനുണ്ട്’ എന്നും അർണബ് മറുപടി പറയുന്നു.

 

 

രാജ്യസുരക്ഷയെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്ന മോദി സർക്കാരിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന സംഭവമാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ സൈന്യം ബലാക്കോട്ട് ആക്രമണം നടത്താന്‍പോകുന്നു എന്ന വിവരം റിപ്പബ്ലിക് ടി.വി എഡിറ്റർ ഇന്‍ ചീഫ് ദിവസങ്ങള്‍ക്കുമുമ്പ് തന്നെ അറിഞ്ഞിരുന്നുവെന്നത് വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

Comments (0)
Add Comment