ഭീതിയുടെ തുരുത്തിലേക്ക് പ്രതീക്ഷയുടെ പാലം; ബെയ്‌ലി പാലത്തിന്‍റെ കഥ

 

വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന ബെയ്‌ലി പാലം പുനര്‍നിര്‍മ്മിക്കുകയാണ് സൈന്യം. ബെയ്‌ലി പാലം പുനര്‍നിര്‍മ്മിക്കുന്നതോടു കൂടി രക്ഷാദൗത്യം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ സാധിക്കും. രണ്ടാം ലോക മഹായുദ്ധത്തോളം പഴക്കമുണ്ട് ഈ ബെയ്‌ലി പാലത്തിന്‍റെ ചരിത്രത്തിന്.

1942ല്‍ ബ്രിട്ടീഷുകാരനായ ഡൊണാള്‍ഡ് ബെയ്‌ലിയാണ് അടിയന്തരാവശ്യങ്ങള്‍ക്കായി പാലം നിര്‍മ്മിച്ചത്. സിവില്‍ എഞ്ചിനിയറായ ബെയ്‌ലി ബ്രിട്ടീഷ് സേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് പലരീതിയിലുള്ള പാലങ്ങള്‍ ഡിസൈന്‍ ചെയ്യുകയും അത് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയുമായിരുന്നു. ഉദ്യോഗസ്ഥര്‍ ഒരു പരീക്ഷണമെന്നോണം പാലം നിര്‍മ്മിക്കാന്‍ ഡൊണാള്‍ഡ് ബെയ്‌ലിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എന്നാല്‍ ആദ്യകാലത്ത് നിര്‍മ്മിച്ച പാലങ്ങള്‍ക്ക് ഇന്ന് കാണുന്ന ഉയരമുണ്ടായിരുന്നില്ല. പിന്നീട് ഡിസൈനില്‍ കൂടുതല്‍ മാറ്റം വരുത്തുകയായിരുന്നു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഉത്തര ആഫ്രിക്കയിലാണ് ബ്രിട്ടീഷ് സൈന്യം വിജയകരമായി ബെയ്‌ലി പാലം നിര്‍മ്മിച്ചതും വിജയിച്ചതും.

ഇന്ത്യയില്‍ ആദ്യമായി ഇത്തരമൊരു പാലം സൈനികാവശ്യത്തിനായി നിര്‍മ്മിച്ചത് കാശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടിയില്‍ നിര്‍മ്മിച്ച ആ പാലത്തിന് 98 അടി നീളമുണ്ടായിരുന്നു. പത്തനംതിട്ട ജില്ലയിലെ അടൂരിലെ ഏനാത്തിലാണ് കേരളത്തില്‍ ആദ്യമായി ബെയ്‌ലി പാലം നിര്‍മ്മിച്ചത്. 2017 ഏപ്രിലില്‍ കല്ലടയാറിന് കുറുകെ പത്തനംതിട്ട-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന ഏനാത്ത് പാലം തകര്‍ന്നതിനെ തുടര്‍ന്നായിരുന്നു പെട്ടെന്ന് തന്നെ സൈന്യമെത്തി ബെയ്‌ലി പാലം നിര്‍മ്മിച്ചത്. ചെറുവാഹനങ്ങള്‍ക്ക് മാത്രം കടന്നുപോകാന്‍ സാധിക്കുന്ന ഈ പാലത്തിന് 3.5 മീറ്റര്‍ വീതിയും 55 മീറ്റര്‍ നീളവുമുണ്ടായിരുന്നു. 5 മാസത്തോളം ഏനാത്ത് പാലം ഗതാഗതത്തിനായി ഉപയോഗിച്ചു.

അതേസമയം ചൂരല്‍ മലയിലെ ബെയ്‌ലി പാലത്തിന് 85 അടി നീളമുമുണ്ട്. ഉരുള്‍പൊട്ടലില്‍ നിലവിലുള്ള പാലം തകര്‍ന്നതോടെ ഒറ്റപ്പെട്ടുപോയ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനുള്ള വാഹനങ്ങള്‍ പ്രവേശിക്കാനായാണ് ഇപ്പോള്‍ ബെയ്‌ലി പാലം നിര്‍മ്മിക്കുന്നത്. കണ്ണൂരില്‍ ഡി.എസ്.സിയിലെ ക്യാപ്റ്റന്‍ പുരന്‍സിംഗ് നഥാവത്തിന്‍റെ നേതൃത്വത്തിലാണ് പാലം നിര്‍മ്മാണം . ഡല്‍ഹിയില്‍ നിന്ന് വ്യോമസേന വിമാനത്തില്‍ കണ്ണൂരിലെത്തിച്ച് പാലത്തിന്‍റെ നിര്‍മ്മാണ സാമഗ്രികള്‍ 17 ട്രക്കുകളിലായാണ് വയനാട്ടിലെ ചൂരല്‍മലയിലേക്ക് എത്തിച്ചത്. പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ മുണ്ടക്കൈയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ഗതിവേഗം കൈവരിക്കുമെന്നാണ് പ്രതീക്ഷ.

Comments (0)
Add Comment