മതവികാരം വ്രണപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബിഎസ്എൻഎൽ ഉദ്യോഗസ്ഥ രഹ്ന ഫാത്തിമയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. പമ്പ സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, മതവികാരങ്ങൾ വ്രണപ്പെടുത്തും വിധം സമൂഹമാധ്യമങ്ങളിൽ പോസറ്റിടരുത് എന്നീ ഉപാധികളോടെയാണ് ജസ്റ്റിസ് സുനിൽ തോമസ് ജാമ്യം അനുവദിച്ചത്.
മത വിശ്വാസത്തെ അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ടു എന്ന കേസിലാണ് രഹ്ന ഫാത്തിമ ജയിലിലായത്. സമൂഹ മാധ്യമങ്ങളിൽ രഹ്ന അയ്യപ്പഭക്തയുടെ വേഷത്തിൽ ഇരിക്കുന്ന ഫോട്ടോ രഹ്ന പോസ്റ്റ് ചെയ്തിരുന്നു. ഇത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്നു കാണിച്ചു തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണ മേനോനാണ് പത്തനംതിട്ട പൊലീസിന് പരാതി നൽകിയത്. ഇതേ തുടര്‍ന്നാണ് രഹ്നയുടെ പേരില്‍ കേസും അറസ്റ്റും ഉണ്ടായത്.
തുലാമാസ പൂജയ്ക്കായി ശബരിമലനട തുറന്നപ്പോഴാണ് രഹ്ന സന്ദർശനത്തിന് എത്തിയത്. എന്നാല്‍ കടുത്ത പ്രതിഷേധത്തെ തുടർന്ന് അന്ന് രഹ്നയ്ക്ക് സന്നിധാനത്ത് പ്രവേശിക്കാനായില്ല.