ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ ഷോ റദ്ദാക്കി

Jaihind News Bureau
Tuesday, September 1, 2020

ബഹ്‌റൈൻ : ഈ വർഷം നവംബർ 18 മുതൽ 20 വരെ ബഹ്റൈനിൽ നടത്താൻ തീരുമാനിച്ചിരുന്ന ബഹ്‌റൈൻ അന്താരാഷ്ട്ര എയർ ഷോ റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വ്യോമയാന രംഗത്ത് നില നിൽക്കുന്ന അനിശ്ചിതത്വത്തെ തുടർന്നാണ് ഷോ റദ്ദാക്കാൻ അധികൃതർ തീരുമാനം കൈകൊണ്ടത്.

കഴിഞ്ഞ എയർ ഷോയിൽ ഇന്ത്യയടക്കം 34 രാജ്യങ്ങളിൽനിന്നായി 120ഓളം സ്ഥാപനങ്ങളാണ് പങ്കെടുത്തത്. ഇരുപത്തി നാലു മാസം കാലയളവിൽ സാഖിർ എയർ ബേസിൽ വച്ച് എയർ ഷോ നടത്തുന്നത്. ഗൾഫ് എയർ, ബഹ്റൈൻ ഡ്യൂട്ടിഫ്രീ, ബാറ്റൽകോ എന്നിവയുടെ സഹകരണത്തോടെ ഫാൻബോറോ ഇന്‍റർനാഷനൽ, ടെലികോം, ഗതാഗത മന്ത്രാലയം, റോയൽ ബഹ്റൈൻ എയർ ഫോഴ്സ് എന്നിവ സംയുക്തമായാണ് എയർ ഷോ നടത്തുന്നത് . വിമാന അഭ്യാസപ്രകടനങ്ങൾക്ക് പുറമെ കാണികൾക്കായി വിനോദ പരിപാടികളും ഉൾപെടുത്തിയിരുന്നു . അവസാനം നടന്ന എയർഷോയിൽ ഇന്ത്യയുടെ തേജസ് യുദ്ധവിമാനം പങ്കെടുത്തിരുന്നു. കഴിഞ്ഞ എയർഷോ കാണുവാൻ 54,000 അതികം കാണികൾ എത്തിയിരുന്നു. 2022 ൽ ബഹ്റൈനിലെ അടുത്ത ഷോ സംഘടിപ്പിക്കുവാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണെന്നും അധികൃതർ വ്യക്തമാക്കി.

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ബഹ്‌റൈനിൽ നടക്കേണ്ട നിരവധി പ്രദർശങ്ങളും പരിപാടികളും മാറ്റി വച്ചിരുന്നു. അതേസമയം ഈ വർഷത്തെ ഫോർമുല വൺ ഗ്രാൻപ്രീ ഡിസംബർ നാലുമുതൽ മുതൽ ആറു വരെ ബഹ്റൈൻ ഇന്‍റർനാഷണൽ സർക്യൂട്ടിൽ കർശന നിയന്ത്രണങ്ങളോടെ നടത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്