വല്ലാത്ത തോല്‍വി, പാർട്ടി വോട്ടുകള്‍ പോലും ചോർന്നു; എങ്ങനെ തിരുത്തുമെന്ന ചർച്ചയില്‍ സിപിഎം

 

തിരുവനന്തപുരം: പാർട്ടി വോട്ടുകൾ വ്യാപകമായി ചോർന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിലയിരുത്തൽ.
പാർട്ടി ശക്തികേന്ദ്രങ്ങളില്‍ പോലുമുണ്ടായ വോട്ടുചോർച്ച തിരഞ്ഞെടുപ്പ് പരാജയത്തിന് ആക്കം കൂട്ടി എന്നാണ് കണ്ടെത്തല്‍. ഇതോടെ തിരുത്തൽ നടപടികളിലേക്ക് സിപിഎം കടക്കും. സംസ്ഥാന കമ്മിറ്റിക്കുശേഷം സിപിഎം സെക്രട്ടേറിയറ്റ് വീണ്ടും ചേർന്ന് തിരുത്തൽ നടപടികൾ തീരുമാനിക്കും.

രണ്ടുദിവസം ചേർന്ന സിപിഎം സെക്രട്ടേറിയേറ്റ് പാർട്ടിയിലും സർക്കാരിലും വരുത്തേണ്ട തിരുത്തലുകളെ കുറിച്ചും ചർച്ച ചെയ്തു. ഭരണവിരുദ്ധ വികാരം കനത്ത തിരിച്ചടിയായെന്ന വിമർശനവും സെക്രട്ടേറിയറ്റിൽ ഉയർന്നു. നാളെ മുതല്‍ ആരംഭിക്കുന്ന മൂന്ന് ദിവസത്തെ സംസ്ഥാന സമിതിക്ക് ശേഷം വീണ്ടും സെക്രട്ടേറിയറ്റ് ചേരും. തിരുത്തൽ നടപടികൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് അന്തിമ രൂപം നൽകും. സംസ്ഥാന കമ്മിറ്റിയിൽ തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ചൂടേറിയ ചർച്ചയ്ക്ക് കളമൊരുക്കും.

ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പശ്ചാത്തലത്തില്‍ ഇടതുമുന്നണിക്കുള്ളില്‍ തന്നെ ഭിന്നത ഉടലെടുത്തിട്ടുണ്ടെന്നതും സിപിഎമ്മിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. പാർട്ടി കോട്ടകളിൽ പോലും ഇടതുസ്ഥാനാർത്ഥികൾ പിന്നാക്കം പോയത് അപകടകരമായ സൂചനയാണെന്നും ബിജെപിയുടെ മുന്നേറ്റം ഗൗരവത്തോടെ കാണണമെന്നും സിപിഎം വിലയിരുത്തി. ഭരണവിരുദ്ധ വികാരം ഉണ്ടായിട്ടുണ്ടെന്നും സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സർക്കാർ ജീവനക്കാരിൽ വലിയ ഭാഗം എതിരായി വോട്ട് ചെയ്തുവെന്നും പാർട്ടി വിലയിരുത്തുന്നു.

സിപിഎം പിബിയിലും കേരളത്തില്‍ പാർട്ടിയുടെ ദയനീയ പ്രകടനം സംബന്ധിച്ച ചർച്ച നടന്നിരുന്നു. ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. കേരളത്തിലെ സാഹചര്യം സങ്കീർണ്ണം ആണെന്നും ശക്തി കേന്ദ്രങ്ങളിൽ അടക്കം വോട്ട് കുറഞ്ഞത് വിശദമായി പരിശോധിക്കണമെന്നും പിബി വിലയിരുത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റില്‍ മാത്രമാണ് സിപിഎമ്മിന് ജയിക്കാനായത്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളില്‍ പോലും സിപിഎമ്മിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്.

Comments (0)
Add Comment