കോണ്‍ഗ്രസ് പ്രകടന പത്രിക: പ്രതീക്ഷയോടെ ന്യൂനപക്ഷങ്ങള്‍

Jaihind Webdesk
Wednesday, April 3, 2019

മോദി അധികാരത്തിലേറിയതുമുതല്‍ അരികുവത്കരിക്കപ്പെടുകയും ഭീതിയാഴ്ത്തപ്പെടുകയും ചെയ്ത ന്യൂനപക്ഷങ്ങളില്‍ പ്രതീക്ഷ നല്‍കുന്നതാണ് കോണ്‍ഗ്രസ് പ്രകടന പത്രിക. മുസ്ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും വിവേചനങ്ങള്‍ ഇല്ലാതാക്കുന്നതിനും നടപടികള്‍ നിര്‍ദ്ദേശിക്കുന്ന പ്രകടന പത്രിക ന്യൂനപക്ഷങ്ങള്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് ഈ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന ആശ്വാസവും ആത്മവിശ്വാസവും ചെറുതല്ല.

ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന വാഗ്ദാനങ്ങള്‍

* ന്യൂനപക്ഷാവകാശങ്ങള്‍ ഉറപ്പാക്കും.

* തുല്യാവസരം നല്‍കാന്‍ തുല്യാവസര കമ്മിഷന്‍ രൂപീകരിക്കും.

* മതസ്വാതന്ത്ര്യം ഉറപ്പാക്കും.

* വെറുപ്പിന്റെ പേരിലുള്ള അതിക്രമങ്ങള്‍, പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ടക്കൊലകള്‍ തുടങ്ങിയവ ഇല്ലാതാക്കും. ഇതിനായി ആദ്യ സഭാസമ്മേളനത്തില്‍ തന്നെ ശക്തമായ നിയമം കൊണ്ടുവരും.

* പൊലിസിന്റെയോ അധികാരികളുടെയോ ഭാഗത്ത് നിന്ന് ഏതെങ്കിലും രീതിയിലുള്ള അവഗണനയുണ്ടായാല്‍ അവരെയും കേസില്‍ പ്രതിയാക്കാന്‍ വ്യവസ്ഥയുണ്ടാക്കും.

* വഖ്ഫ് ബോഡിനെ വഖ്ഫ് സ്വത്തുക്കളുടെ നിയമവിധേയ ട്രസ്റ്റിയാക്കുന്ന 20014ലെ വഖ്ഫ് പ്രോപ്പര്‍ട്ടീസ് ബില്‍ വീണ്ടും കൊണ്ടുവരും.

* ദേശീയ ന്യൂനപക്ഷ കമ്മിഷനും വനിതാ കമ്മിഷനും ഭരണഘടനാപദവി നല്‍കും.

* കലാപങ്ങള്‍ ഉണ്ടായാല്‍ ജില്ലാ ഭരണകൂടത്തെ ഉത്തരവാദിയാക്കും.

* മാവോയിസ്റ്റ് അതിക്രമത്തെ നേരിടും. ആ മേഖലയിലെ ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും.

* വര്‍ഗീയ കലാപങ്ങള്‍ ശക്തമായി നേരിടും. പശുവിന്റെ പേരിലുള്ള അക്രമം നടത്തുന്ന വിജിലന്റ് ഗ്രൂപ്പുകളെയും മോറല്‍ പൊലിസ് സംഘങ്ങളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും.

* ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍, ദലിതുകള്‍ തുടങ്ങിയവര്‍ക്കെതിരേ അതിക്രമം നടത്തുവര്‍ക്ക് ശിക്ഷ ഉറപ്പാക്കും.

* അഞ്ച് വര്‍ഷത്തിനകം നിര്‍മ്മാണ മേഖലയുടെ ഓഹരി വിഹിതം രാജ്യത്തെ ഉല്‍പ്പാദന വളര്‍ച്ചയുടെ നിലവിലുള്ള 16 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കും.

* 2021 ഓടെ എല്ലാ പഞ്ചായത്തുകളിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി ഉറപ്പാക്കും.

* അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി ആജീവിക കേന്ദ്രങ്ങള്‍.

* അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം വേതനം നടപ്പാക്കും.

* വഴിയോരക്കച്ചവടക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം നടപ്പാക്കും.

* രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഡിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ മാതൃക എല്ലാ സംസ്ഥാനങ്ങളിലേക്കും.

* റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരം ഉറപ്പാക്കും.

* ജി.എസ്.ടിയെ ലളിതമാക്കും. സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ജി.എസ്.ടി ഇല്ലാതാക്കും.

* ഇവേ ബില്‍ ഇല്ലാതാക്കും.

* ഫിഷറീസ് മന്ത്രാലയം രൂപീകരിക്കും.

* അഞ്ചുകോടി കുടുംബങ്ങള്‍ക്ക് പദ്ധതിയുടെ ആനൂകൂല്യം.

* പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പ്രതിരോധ ഉപദേഷ്ടാവ്.

* അഭയം നല്‍കുന്നത് സംബന്ധിച്ച് നിയമം.

* കലാ സ്വാതന്ത്ര്യം ഉറപ്പാക്കും.

* സെന്‍സര്‍ഷിപ്പിനെ പേടിക്കാതെ ആവിഷ്‌ക്കാരം നടത്താനുള്ള സാഹചര്യമുണ്ടാക്കും.

* പ്രവാസികാര്യ മന്ത്രാലയം പുനര്‍രൂപീകരിക്കും.

* വിദേശത്ത് ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷയും നല്ല ജോലി സാഹചര്യവും ഉറപ്പാക്കാന്‍ നടപടി. സുപ്രിംകോടതിയെ ഭരണഘടനാ കോടതിയായി ഉയര്‍ത്താന്‍ ബില്‍.

* ഹൈക്കോടതിയില്‍ നിന്നുള്ള അപ്പീലുകള്‍ പരിഗണിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ പ്രത്യേക കോടതി.

* ജഡ്ജിമാരുടെയും കമ്മിഷനുകളിലെ ജുഡീഷ്വല്‍ അംഗങ്ങളുടെയും വിരമിക്കല്‍ പ്രായം 65 ആക്കും.

* അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന പരിശോധന, അറസ്റ്റ്, പിടിച്ചെടുക്കല്‍, സമന്‍സ്, ചോദ്യം ചെയ്യല്‍ എന്നിവ നിയമവിധേയമാണെന്ന് ഉറപ്പാക്കും.

* മാധ്യമങ്ങളുടെയും മാധ്യമപ്രവര്‍ത്തകരുടെയും പ്രവര്‍ത്തനസ്വാതന്ത്ര്യം ഉറപ്പാക്കാന്‍ പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയമത്തില്‍ ഭേദഗതി.

* വ്യാജവാര്‍ത്തകളും പെയ്ഡ് വാര്‍ത്തകളും കൈകാര്യം ചെയ്യാന്‍ സംവിധാനം.

* കശ്മിര്‍ പ്രശ്നം പരിഹരിക്കുന്നതിന് ചര്‍ച്ച നടത്തും. ഇതിനായി മധ്യസ്ഥ സംഘത്തെ നിയോഗിക്കും.

* സൈനിക സാന്നിദ്ധ്യം പുനരവലോകനം നടത്തും.