കൊച്ചി : മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ കീഴ് ക്കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.സർക്കാരിന്‍റെ അപ്പീൽ കോടതി ഫയലിൽ സ്വീകരിച്ചു. നരഹത്യ കുറ്റം ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നരഹത്യാകുറ്റം നിലനിൽക്കുമോ എന്ന് പരിശോധിക്കാമെന്ന് കോടതി അറിയിച്ചു.
ശ്രീറാം വെങ്കിട്ടരാമൻ നൽകിയ വിടുതൽ ഹർജിയിലായിരുന്നു തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ നരഹത്യാക്കുറ്റം ഒഴിവാക്കിയുള്ള ഉത്തരവ്. നരഹത്യാകുറ്റത്തിന്‍റെ കാര്യത്തിൽ കാര്യമായ വസ്തുതകൾ കീഴ് ക്കോടതി പരിഗണിച്ചില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ പ്രാഥമികമായി അറിയിച്ചത്.
ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവർ എതിർകക്ഷികളായാണ് നടപടി മുന്നോട്ട് പോകുന്നത്. ഇരുവർക്കും കോടതി നോട്ടീസ് അയക്കും. വരും ദിവസങ്ങളിൽ ഇരുവർക്കും അവരുടെ ഭാഗം അറിയിക്കാം. നരഹത്യ കുറ്റം നിലനിൽക്കുമെന്നാണ് ഹൈക്കോടതി കണ്ടെത്തുന്നതെങ്കിൽ നരഹത്യക്കുറ്റവും കൂടി ചേർത്താകും വിചാരണ നടക്കുക.വാഹനാപകട കേസിൽ മാത്രം വിചാരണ നടത്താനായിരുന്നു കീഴ് ക്കോടതി ഉത്തരവ്.
അതേസമയം നേരത്തേ ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ സർക്കാർ നിയമിച്ചെങ്കിലും പ്രതിഷേധമുണ്ടായതോടെയാണ് സപ്ലൈകോ ജനറൽ മാനേജരാക്കി നിയമിച്ചിരിക്കുന്നത്.