നോർക്കയിലും പിന്‍വാതില്‍ നിയമനം; സി.പി.എം പ്രവർത്തകരെ തിരുകിക്കയറ്റി പിണറായി സർക്കാർ

Jaihind News Bureau
Sunday, August 9, 2020

കോഴിക്കോട്: നോർക്കയിലും പിന്‍വാതില്‍ നിയമനം നടത്തി ഇടത് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ കീഴിൽ പ്രവർത്തിക്കുന്ന നോർക്ക റൂട്സിൽ പി.എസ്.സിയെ മറികടന്നാണ് അനധികൃത നിയമനങ്ങള്‍ നടന്നത്. തെരഞ്ഞെടുപ്പിനോടടുത്ത് വി.എസ് അച്യുതാനന്ദൻ സർക്കാർ നടത്തിയ നിയമനം കഴിഞ്ഞ യുഡിഎഫ് സർക്കാർ മരവിപ്പിച്ചിരുന്നു. എന്നാൽ സുപ്രീംകോടതി ഉത്തരവ് പോലും അട്ടിമറിച്ച് പിണറായി സർക്കാർ ഇവർക്ക് വീണ്ടും നിയമനം നൽകുകയായിരുന്നു.

പി.എസ്.സി പരീക്ഷകള്‍ക്കായി രാപ്പകൽ  കഷ്ടപ്പെടുന്ന സംസ്ഥാനത്തെ ആയിരക്കണക്കിന് യുവാക്കളെ നോക്കുകുത്തിയാക്കിയാണ് ഇടതു സർക്കാർ നോർക്ക റൂട്സിൽ അനധികൃത നിയമനം നടത്തിയത്. പി.എസ്.സി വഴി നടത്തേണ്ട നിയമനങ്ങള്‍ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി സുപ്രീംകോടതിയെ പോലും മറികടന്നു വഴിവിട്ടു നടത്തുകയായിരുന്നു. സിപിഎം നേതാക്കളുടെ സ്വന്തക്കാരും ബന്ധുക്കളുമായ 8 പേരെയാണ് പിണറായി വിജയൻ മുഖ്യമന്ത്രി ആയശേഷം വഴിവിട്ട് നിയമിച്ചത്. വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരിക്കെ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ചായിരുന്നു ആദ്യ നിയമനം. ഇതിൽ വി.എസിന്‍റെ പേഴ്സണല്‍ അസി. പി എ സുരേഷിന്‍റെ ഭാര്യയും ഉൾപ്പെടും. എന്നാൽ അനധികൃതമായ ഈ നിയമനം, ശേഷം വന്ന ഉമ്മൻചാണ്ടി സർക്കാർ മരവിപ്പിച്ചു.

ഇവർ പിന്നീട് ഹൈക്കോടതിയിലും  സുപ്രീംകോടതിയിലും നൽകിയ പരാതികൾ പരാജയപ്പെട്ടിരുന്നു. ഇതു കൂടാതെ നോർക്ക റൂട്സിൽ ഇനി പി.എസ്.സി വഴി മാത്രമേ നിയമനം നടത്താവൂ എന്നും സുപ്രീം കോടതി നിർദേശിച്ചു. ഈ നിർദേശം മറികടന്നാണ് പിണറായി സർക്കാർ മന്ത്രിസഭാ യോഗം ചേർന്ന് മുൻകാല പ്രാബല്യത്തോടെ ഇവർക്ക് വീണ്ടും നിയമനം നൽകിയത്. മുൻ കോഴിക്കോട് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്‍റും, ഫാറൂഖ് ഏരിയ സിപിഎം സെക്രട്ടറിയുമായ എം ഗിരീഷിന്‍റെ ഭാര്യ, സിപിഎം ലോക്കൽ ഏരിയ കമ്മിറ്റി അംഗം, വെട്ടുകാടുള്ള സിപിഎം പ്രവർത്തക, എന്നിവരും നിയമനം നേടിയവരിൽ ഉൾപ്പെടും. ഈ തസ്തികയിലേക്ക് പരീക്ഷ എഴുതി കാത്തിരിക്കുന്നവർക്ക് നിരാശ മാത്രമാണ് ബാക്കി.